Saturday, December 24, 2011
തിരുപ്പിറവി
---------------------
തൂമഞ്ഞു പെയ്യുന്നൂ
പൊൻതാര മിന്നുന്നൂ
പുണ്യരാവിതിൽ
ഉണ്ണിമിശിഹാ
ജാതനായ്
ബെത്ലഹേമിലെ
പുൽക്കൂടിനുള്ളിൽ
ദൈവപുത്രനായ്
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
മണ്ണിൻ പുണ്യമായ്
വിണ്ണിൻ ദാനമായ്
കണ്ണിലുണ്ണിയായ്
ഉണ്ണി മിശിഹാ
ജാതനായ്
*** *** ***
ദിവ്യസ്നേഹമായ്
നവ്യതേജസായ്
കന്യകാ സുതൻ
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
തിന്മ മാറ്റിടാൻ
നന്മ ഏറ്റിടാൻ
മണ്ണിൻ നാഥനായ്
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
സ്നേഹധാരയാൽ
പാപഭാരങ്ങൾ
നീക്കിടാനിതാ
ഉണ്ണിമിശിഹാ
ജാതനായ്
--------------------
രണ്ടു സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഡിസംബറിലെ കുളിരുള്ളൊരു രാവിൽ ഭൂമിയുടെ പുണ്യമായ് വന്നുപിറന്ന ആ സ്നേഹദൂതന്റെ സ്മരണയിൽ ഒരു ക്രിസ്തുമസ്സ് ഗാനം.
എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.
K.C. Geetha
Copyright (C)2011 K.C.Geetha.
Sunday, December 11, 2011
‘മാനസ’കവിത

ചിത്രത്തിൽ ക്ലിക്കി ഈ കുഞ്ഞിക്കവിത വായിക്കൂ. പ്രകൃതിയോടുള്ള സ്നേഹവും തുറസ്സായ സ്ഥലത്ത് കുട്ടികൾ കളികളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുകയാണ് തന്റേതായ ഭാഷയിൽ കുഞ്ഞു കവി ഇതിൽ. അവന്റെ ആദ്യകവിത.
അവൻ പന്തു കളിക്കുന്നതാണ് ആ ചിത്രത്തിൽ വരച്ച് കാട്ടിയിരിക്കുന്നത്. ഒപ്പം കളിക്കുന്ന കൂട്ടുകാരൻ അവന്റെ അച്ഛൻ തന്നെ.
ഈ പോസ്റ്റിലെ നായകനാണ് ഈ കുഞ്ഞുകവി.
എഴുതിയത് : S.M. മാനസ്
വയസ്സ് : 7
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.
Saturday, September 3, 2011
ഓണം വിത്ത് ഈണം 2011 - ഓണപ്പാട്ടുകളുടെ ആൽബം
ഈണം എന്ന സ്വതന്ത്രസംഗീത സംരംഭം ഈ ഓണത്തിനും എത്തുന്നു ഓണപ്പാട്ടുകളുമായി. ഇത്തവണ 9 ഗാനങ്ങളാണ് ‘ഓണം വിത്ത് ഈണം 2011’ എന്ന ആൽബത്തിൽ. അവ കേൾക്കാനായി ഇവിടെ പോകൂ. ഏതെങ്കിലും ഒരു പാട്ടിന് കമന്റ് ഇട്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ആ ആൽബം പാട്ടുകൾ ഡൌൺ ലോഡ് ചെയ്യാം.
ഈ ആൽബത്തിൽ ഞാനും ഒരു പാട്ട് എഴുതിയിട്ടുണ്ട്. അതു ഇവിടെ കേൾക്കാം. ആ ഗാനത്തിന്റെ വരികൾ താഴെ :
പല്ലവി
---------
പൂവണി കതിരണി വയലുകളിൽ പൊൻകണിയായ്
താരണി തളിരണി തരുനിരകൾ പുഞ്ചിരിച്ചൂ
ആവണി കതിരൊളി തിരളുമിതാ പൊൻചിങ്ങമായ്
പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ്
തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ ചെറുതുമ്പീ കളിയാടാൻ നീ വായോ
*** *** ***
അനുപല്ലവി
---------------
പൂമുഖപ്പടിമേലെ നിന്നെയും കാത്ത്
പൊന്നിൻ കിനാക്കൾ കണ്ടു ഞാൻ നിന്നൂ
പൂമിഴിയാളേ…..
പാതി വിടർന്നൊരു പനിമലർ പോലെ
പൂംപുലർ വേളയിൽ നീയന്നു വന്നു
ഓർമ്മകൾ വിടരവേ
ആർദ്രമായ് രാഗമാനസം
പൊൻകിനാക്കൾ പൂവണിഞ്ഞു ഇന്നു വീണ്ടും
*** *** ***
ചരണം
----------
താന്തമീ മനസ്സിൻ തന്തികളിൽ നീ
സാന്ത്വനരാഗം മീട്ടിയുണർത്തി
തേന്മൊഴിയാലേ…..
നീയെന്നിൽ പകർന്നു ജീവനരാഗം
സാന്ദ്രമധുരമാം അനുരാഗഗാനം
ഓണനാൾ പുലരവേ
ഓമലേ രാഗലോലയായ്
എന്നരുകിൽ നീവരില്ലേ പ്രേമമോടെ.
*************************************
രചന : കെ.സി. ഗീത.എല്ലാവർക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണക്കാലം ആശംസിച്ചു കൊള്ളുന്നു !
---------------------------------------------------------------------------------------------------------------------
Copy right (C)2011 K.C.Geetha.
Monday, February 14, 2011
ഒരു ദേശഭക്തിഗാനം
ശ്രീ. സി.കെ. വഹാബ്.
ഇവിടെ കേൾക്കാം.
പല്ലവി
-------
ഇന്ത്യയിതൊന്നേയുള്ളൂ -
ഈ പ്രപഞ്ചത്തിൽ
ഇന്ത്യയിതൊന്നേയുള്ളൂ
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ
രണഭേരികളില്ലിവിടെ
രണഭൂമിയുമല്ലിവിടം
രമ്യതയോടെ, രഞ്ജിപ്പോടെ
ജനകോടികൾ വാഴും രാജ്യം
ഇന്ത്യാരാജ്യം , ഈ ഇന്ത്യാരാജ്യം
ഇന്ത്യാരാജ്യം
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ
*** *** ***
അനുപല്ലവി
------------
നബിതൻ ദർശനവും ക്രൈസ്തവസംഹിതയും
ഹിന്ദുപുരാണവും ബുദ്ധവിഹാരവും
ഒരുപോലൊരുപോൽ പുലരും ഭൂമി - ഈ
ഇന്ത്യയിതൊന്നേയുള്ളൂ
*** *** ***
ചരണങ്ങൾ
-----------
മതമൈത്രിക്കു ധാത്രിയാണീ ധരിത്രി
മതാന്ധരെ തോൽപ്പിച്ച പുണ്യഗാത്രി
മതമല്ല, മുഖ്യം മനുജനെന്നോതിയ
ഇന്ത്യയിതൊന്നേയുള്ളൂ
യുവചേതന ഉണരട്ടേ
യുഗപ്രഭാവർ പുലരട്ടേ
മാനവസ്നേഹ മന്ത്രത്തിൻ
മന്ദ്രധ്വനികൾ ഉയരട്ടേ
യുഗാന്തരങ്ങളിലൂടെ
ഈ പുണ്യയാഗഭൂവിൻ
യശസ്സിൻ യമുനകൾ ഒഴുകട്ടേ
യശസ്സിൻ യമുനകൾ ഒഴുകട്ടേ - സദ്-
യശസ്സിൻ യമുനകൾ ഒഴുകട്ടേ
കെ.സി. ഗീത.
Copyright (C)(2011) K.C. Geetha.
Wednesday, January 5, 2011
നാദം
പല്ലവി
-------
ശശിലേഖയീ ശാരദരാവിൽ
ശരറാന്തൽ തിരി തെളിക്കുന്നൂ
വനമാലതി പൂ വിടരുന്നൂ
പനിനീരുമായ് കാറ്റണയുന്നൂ
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
*** *** ***
അനുപല്ലവി
-------------
സുരഭീയാമം സുഖതരവേള
പരിമളമോലും നവസുമമേള
സുരഭിലമാകും രജനിയിതിൽ നീ
വരുവതില്ലേയെൻ മാനസചോരാ
ഹരിതവനികയിതു സുഖദശീതളം
വരിക അരികിലെൻ ഗോപബാല
മിഴിനീരുമായ് കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
*** *** ***
ചരണം
--------
യമുനാതീരേ കുന്ദലതാഗൃഹേ
യദുകുലരാധ ഇവളിരിപ്പൂ
മനമിതിലാകെ മുരഹരരൂപം
മുരളികയൂതും മാധവരൂപം
വിരഹപീഡയിനി അരുതു സഹിയുവാൻ
വിരവിലണയൂ നീ വേണുലോലാ
മിഴിനീരുമായ് കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
************************
കെ.സി. ഗീത.
Copyright (C) 2011 K.C.Geetha.