Monday, November 30, 2009

രാധയുടെ പരിഭവം

യാമിനീ യാമിനീ
പ്രിയസഖി യാമിനീ
പൂനിലാകോടിയുടുത്ത്‌
താരകപ്പൂവ്‌ ചൂടി
ചമയുന്നതെന്തേ സഖീ ?
നീലകളേബരന്‍ കോമള യാദവന്‍
അരികിലണഞ്ഞോ
നിര്‍ന്നിദ്ര യാമങ്ങള്‍
പുളകമണിഞ്ഞോ ?
യാമിനീ.......

*** *** ***
കാളിന്ദി നീയെന്തേ കളകളം പാടുന്നൂ
കാല്‍ത്തള കിലുക്കി പദമാടുന്നൂ ?
കാളിയമര്‍ദനന്‍ വരുമെന്ന്‌ ചൊല്ലിയോ
കേളികളാടുവാന്‍ നിന്‍ പുളിനങ്ങളില്‍ ?
സഖീ ... ചൊല്ലുകില്ലേ...?

*** **** ***
വാസന്തീ നീയെന്തേ പരിമളം പൂശുന്നു
വാര്‍മതിയുദിക്കും ശുഭയാമത്തില്‍ ?‍
വാരിജലോചനന്‍ വരുമെന്ന് ചൊല്ലിയോ
വാസന്തരാവിതില്‍ നിന്‍ മലര്‍പ്പന്തലില്‍ ?
സഖീ ... ചൊല്ലുകില്ലേ...?

*** *** ***
*** *** ***
കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം

എന്നിനി ഉണരുമോ നിന്‍‌മണിവേണുവില്‍

നിന്‍സഖി രാധക്കായ് ഒരു ഗീതകം - കണ്ണാ ...
നിന്‍പ്രിയസഖി രാധക്കായ് ...
ഒരു പ്രേമഗീതകം ?

*****************

രചന : K.C. Geetha.

Copy Right (C) 2009 K.C. Geetha.

Saturday, October 17, 2009

ഒരു പിണക്കം


ഇവിടൊരു പൂമരം
ഇടതൂര്‍ന്നിലച്ചാര്‍ത്തുമായ്‌
ഇരുപാടുമൊരുപാടു ചില്ലകള്‍
വീശിപടര്‍ന്നുവിതാനിച്ചു നില്‍പ്പൂ
തണലും തണുപ്പുമേകി.

ഇതുവഴി പോയ വസന്തര്‍ത്തുവില്‍
പൂത്തു തളിര്‍ത്തു പോയാ പൂമരച്ചില്ലകള്‍!

താരിട്ട, തളിരിട്ട ‍
ചില്ലയിലണയുവാന്‍,
മലര്‍മണം മുകരുവാന്‍,
മധുവൊന്നു നുകരുവാന്‍,
പരാഗങ്ങളേല്‍ക്കുവാന്‍
കൊതിച്ചു കൊതിച്ചങ്ങു പാറി വന്നൂ
എങ്ങുനിന്നോ ഒരു ചെറുകിളിപ്പെണ്ണ്‌ !

പൂത്തു തളിര്‍ത്തൊരാ
പൂമരം തന്നിലെ
ചില്ലയിലെത്രമേല്‍
ചേലുറ്റ പക്ഷികള്‍ !
പച്ചപനം തത്ത,
പാടുന്ന പൂങ്കുയില്‍,
പിന്നെയുമെത്രയൊ
ചിത്രപതംഗങ്ങള്‍ !

കൊക്കുരുമ്മുന്നു,
കുറുകിക്കുണുങ്ങുന്നു,
ചില്ല മേല്‍ തത്തിക്കളിച്ചു പിന്നെ
പാടുന്നു പാട്ടുകള്‍ മധുരമായി...

ആ ധന്യനിമിഷത്തില്‍
ആ വന്യ ഹര്‍ഷത്തില്‍
പൂമരം കണ്ടതില്ല, ആ
ചെറുകിളിപ്പെണ്ണിനെ.

തൂവല്‍മിനുക്കുവാന്‍,
ചിറകൊന്നു കുടയുവാന്‍
ചില്ലമേലിടമില്ല,
നുകരുവാന്‍ മധുവില്ല,
പൂശുവാനില്ല പരാഗരേണുക്കള്‍...

പൂമരത്തണലിലും ഏകിയില്ലാ ഇടം
പാടുവാനറിയാത്തചെറുകിളിക്ക്‌.

ഒന്നുമേ വേണ്ടിനി

ഒരുമരച്ചില്ലയും

ചില്ലതന്‍ തണലും

ഒന്നുമേ വേണ്ടിനി

വെയിലേറ്റു വാടട്ടെ

മഴയേറ്റു കുതിരട്ടെ

എന്നാലുമിനി വേണ്ട

ഒരു മരച്ചില്ലയും

ചില്ല തന്‍ തണലും.പൊള്ളിപ്പുകഞ്ഞൊരു

മനവുമായന്നവള്‍,

ഇല്ല വരില്ല ഇവിടേക്കിനിയെന്നു

മൂകമായോതി,

കുഞ്ഞിച്ചിറകുകള്‍

നീര്‍ത്തി പറന്നുപോയ്-എങ്ങോ

പാറിയകന്നുപോയി.....
-------------------

ഇതു പാട്ടല്ല.

കവിതയാണോന്നു ചോദിച്ചാല്‍......

ആണെന്ന് പറയാനുള്ള ധൈര്യവുമില്ല.
(വൃത്തമില്ലാതെ എന്തു കവിത?)
പിന്നെ എന്തരോ ഒന്ന്. അല്ലെങ്കില്‍, വായനക്കാര്‍ക്ക് എന്തു തോന്നുന്നോ അത്.....

ഗീത.

Copy Right(C)2009K.C. Geetha.

Tuesday, September 22, 2009

നവരാത്രി

ഇത് നവരാത്രി ദിനങ്ങള്‍.  ‍ 

ആദിപരാശക്തിയായ ദേവിയെ ആദ്യ മൂന്നു ദിനങ്ങളില്‍ തമോഗുണയായ കാളീരൂപത്തിലും, അടുത്ത മൂന്നു ദിനങ്ങളില്‍‍ രജോഗുണയായ മഹാലക്ഷ്മീരൂപത്തിലും അവസാന മൂന്നു ദിനങ്ങളില്‍ സത്വഗുണയായ സരസ്വതീരൂപത്തിലും പൂജിക്കുന്ന നാളുകള്‍.   തമോഗുണത്തില്‍ നിന്ന് രജോഗുണത്തിലൂടെ കടന്ന് സത്വഗുണത്തിലേയ്ക്കുള്ള ഈ പ്രയാണം തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തികവിജയത്തിന്റെ പ്രതീകം കൂടിയാണ്.

അക്ഷര രൂപിണിയായ അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു സ്തുതിഗീതം കാഴ്ചവയ്ക്കുന്നു.


ശ്രീ രാജേഷ് രാമന്‍ ഈ ദേവീസ്തുതിക്ക് ഈണം പകര്‍ന്ന്  ഭക്തിസാന്ദ്രമായി ആലപിച്ചിരിക്കുന്നു.  

***************************

ആദിപരാശക്തി അമ്മേ

ആനന്ദദായിനി അഖിലേ

അരുള്‍ചൊരിയും ദേവീ അഖിലാണ്ഡേശ്വരീ

അകതാരിന്‍ പ്രഭയായ്‌ നീ നില്‍പ്പൂ - എന്‍

അകതാരിന്‍ പ്രഭയായ്‌ നീ നില്‍പ്പൂ

ജയ്‌ ജയ്‌ ശ്രീദേവീ - ജയ്‌ ജയ്‌ ശ്രീ ദുര്‍‌ഗ്ഗേ

ജയ് ജയ് ശ്രീദേവീ - ജയ് ജയ് ശ്രീ ദുര്‍‌ഗ്ഗേ.


*** *** ***


കൊടുങ്ങല്ലൂരില്‍ ശ്രീ കുരുംബയായി

കൊല്ലൂരില്‍ മൂകാംബികയായി

കോടാനുകോടികള്‍ക്കഭയവരദയായ്‌

കോടിസൂര്യപ്രഭയാര്‍ന്നു വാഴുന്നോരാദിപരാശക്തി അമ്മേ .....


*** *** ***


അകതാരിങ്കല്‍ ശ്രീപദം പണിയാം

അമ്മേനിന്‍ നാമാക്ഷരിയോതീ

ദേവാധിദേവയാം ത്രിപുരസുന്ദരിയായ്‌

ദേവപൂജാര്‍ച്ചിതയായി വാഴുന്നോരാദിപരാശക്തി അമ്മേ .....
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------
 
 
കെ. സി. ഗീത.
 
Copy Right (C) 2009 K.C. Geetha.

Friday, September 11, 2009

കാര്‍മുകില്‍ വര്‍ണ്ണാ.....

ഇന്ന് അഷ്ടമി രോഹിണി.

അഞ്ജനവര്‍ണ്ണനായ ആനന്ദക്കണ്ണന്‍ ദേവകീസുതനായി കല്‍ത്തുറുങ്കില്‍ പിറന്നു വീണ പുണ്യദിനം.

ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്‍.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്‍....

കൃഷ്ണാ... നിന്നെ ഏതെല്ലാം പേരുകളാല്‍ വിളിക്കട്ടേ?


കാര്‍മുകില്‍ വര്‍ണ്ണാ...
‌--------------

കാര്‍മുകില്‍ വര്‍ണ്ണാ നിന്‍ കഴലിണ പൂകുവാന്‍

കാത്തിരിപ്പൂ കണ്ണുനീരുമായി

കാണുന്നതില്ലേ എന്‍ കദനത്തിനാഴം നീ

കനിവിനിയും കണ്ണാ അരുളുകില്ലേ

*** *** ***

രാധികാരമണന്‍ തന്‍ വേണുവിലൂറിയ

രമ്യരാഗങ്ങള്‍ രാഗിണിമാര്‍

സന്തതമിന്നും കൊതിയ്ക്കയല്ലേ നിന്‍

ചെഞ്ചൊടി തന്നില്‍ വീണ്ടുമുണര്‍ന്നിടാന്‍

*** *** ***

ദ്വാപരയുഗത്തിലെ ഗോപികമാരെത്ര

പുണ്യവതികളാം മാനിനിമാര്‍

അന്നിവള്‍ വന്നു പിറന്നതില്ലെന്തേ?

എന്തപരാധം ചെയ്തുപോയ്‌ കണ്ണാ?

***********************

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതുപോലൊരു അഷ്ടമിരോഹിണി നാളില്‍, ആദ്യത്തെ കണ്മണിയായി മോള് പിറന്നു. അതുകൊണ്ട് അവളുടേയും പിറന്നാള്‍ ഇന്ന്.

കെ.സി.ഗീത.

Copy Right (C)2009 K.C.Geetha.

Thursday, August 27, 2009

ഓണം with ഈണം

ഈ ഓണത്തിന് ഈണം 5 പാട്ടുകളുള്ള ഒരാല്‍ബം സമ്മാനിക്കുന്നു.

അതില്‍ “ഓര്‍മ്മകള്‍...” എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.
ഇത് രാജേഷ് രാമന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ ഷൈല രാധാകൃഷ്ണന്‍ ‍ പാടിയിരിക്കുന്നത് ഇവിടെ കേള്‍ക്കൂ.


ഓര്‍മ്മകള്‍ വീണ്ടുമുണര്‍ത്തിവന്നെത്തുന്നു

ഓമല്‍ക്കിനാക്കളുമായൊരോണം

തേരൊലി കേള്‍ക്കുന്നു മാബലി മന്നന്റെ,

തേനൊലിപ്പാട്ടിന്റെ ശീലുകളും

ലോലമൊരീണം തുളുമ്പുന്നെന്‍ മനസ്സിലും

രാഗവിലോലമാം മധുരഗാനം

*** *** ***

പൂക്കളമെഴുതുവാന്‍ പുലരികളില്‍

പൂതേടി അന്നു നാം പോയതില്ലേ

പൂമ്പാറ്റതന്‍ പരിരംഭണത്താല്‍

പുതു മലര്‍ നാണിച്ചതോര്‍മ്മയില്ലേ

പാതിവിടര്‍ന്നൊരു പൂവായ്‌ ചമഞ്ഞു ഞാന്‍

നീയൊരു ശലഭമായി...

*** *** ***

കാത്തു കിനാവുകള്‍ ഇതു വരേയും

കാതോര്‍ത്തു നിന്‍ വിളി കേള്‍ക്കുവാനായ്‌


പൂങ്കാറ്റുതന്‍ കുളിര്‍ ചുംബനത്താല്‍

പുളകിതയാകുന്ന മാലതിപോല്‍

ഓണനിലാമഴ തൂകിടും രാവില്‍ ഞാന്‍

ഏഴഴകായ്‌ വിടര്‍ന്നൂ...


^^^^^^^^^^^^^^^^^^^^^^

ഈ ആല്‍ബത്തിലെ മറ്റുപാട്ടുകള്‍.

ആരോ കാതില്‍ പാടി

ശ്രാവണസന്ധ്യേ

മലയാളത്തൊടി നീളേ

ഓണം തിരുവോണം

Friday, July 31, 2009

അമ്മ ഒരുക്കുന്ന ഓണസ്സദ്യ.ഇന്നിതാ വീണ്ടുമൊരോണനാളെത്തി

എന്നമ്മ തന്‍ ഓര്‍മ്മകള്‍ കൂടെയെത്തി

ഇന്നും മനസ്സില്‍ മധുരം വിളമ്പുന്നെന്‍

‍അമ്മയൊരുക്കിടും ഓണസ്സദ്യ.
നാക്കില ചീന്തിന്റെ തുമ്പില്‍ വിളമ്പിടും

നാലുകൂട്ടം തൊടുകറികള്‍ അമ്മ

കാളനും ഓലനും കായവറുത്തതും

തോരനും അവിയലും കിച്ചടിയും

കുത്തരിച്ചോറു കുഴച്ചുരുട്ടാന്‍ നറു-

നെയ്യും പരിപ്പും പര്‍പ്പടവും

സ്വാദോടെ ഉണ്ണികള്‍ സദ്യയുണ്ണുന്നതു

സ്മേരമോടെന്നമ്മ നോക്കിനില്‍ക്കും.

എന്തു തിടുക്കമാണെന്നോ എന്നമ്മയ്ക്ക്‌

ചിന്തയില്‍ പോലും കൊതിപ്പിച്ചിടും

പാലടപ്പായസം പലകുറിയൂട്ടുവാന്‍

പാവന സ്നേഹവും ചാലിച്ചതില്‍ഇന്നില്ലയെന്നമ്മ സദ്യയൊരുക്കുവാന്‍

ഇല്ല വരില്ലിനി പാലടയൂട്ടുവാന്‍

എന്നാലുമിന്നും നുകര്‍ന്നിടുന്നെന്‍ മനം

അമ്മതന്‍ സ്നേഹമാം പാലടപ്പായസംഈ മണ്‍കൂട്‌ മണ്ണായ്‌ ചേരുവോളം

ആ മധുരം മറന്നിടാനാമോ?


( ഓണമിങ്ങെത്താറായി. അമ്മയെ ഓര്‍മ്മ വരുന്നു. കരച്ചിലും വരുന്നു. അമ്മ ഇപ്പോഴുണ്ടായിരുന്നെങ്കില്‍.........എല്ലാം കണ്ട് എത്ര സന്തോഷിച്ചേനേ..... )

ഗീത.

Saturday, July 25, 2009

ചെറായി ബ്ലോഗ് സംഗമം.

ഇന്ന് (26/07/2009) നടക്കുന്ന ചെറായി ബ്ലോഗ് മീറ്റിന് സര്‍വ്വവിധമായ മംഗളങ്ങളും നേര്‍ന്നുകൊള്ളുന്നു. പങ്കെടുക്കുന്ന എല്ലാ ബ്ലോഗ്ഗേര്‍സിനും ഈ സുദിനം മധുരം കിനിയുന്നൊരു ഓര്‍മ്മയായി എന്നെന്നും മനസ്സില്‍ തങ്ങട്ടെ ! ഈ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ മുന്‍‌കൈ എടുത്ത സുഹൃത്തുക്കള്‍ക്ക് ചാരിതാര്‍ത്ഥ്യത്തിന്റെ ദിനവും!

സസ്നേഹം ഗീതേച്ചി.

Thursday, June 11, 2009

കമലയെന്ന കമലപ്പൂ

കമലേ നീയൊരു കമലപ്പൂ

കനിവിന്‍ കാഞ്ചനദ്യുതി ചിന്നും

കതിരവനെ പ്രണയിച്ച

കാമിനിയാം കമലപ്പൂ

*** *** ***

താരും തളിരുമണിഞ്ഞ പ്രകൃതിപോല്‍ ചേതോഹരി നീ

സ്നേഹത്തിന്‍ മധുകണങ്ങളൊളിപ്പിച്ച കലിക തന്‍ മുഗ്‌ധസൗന്ദര്യം നീ

വാല്‍സല്യത്തേന്‍ചോരും മൊഴികള്‍ തന്‍ കിളിക്കൊഞ്ചല്‍ നീ

നീരജലോചനന്‍ തന്‍ നിഷ്കളങ്കമാനസപ്രണയിനി നീ


*** *** ***

സാഹിതീസരസ്സില്‍ വിടര്‍ന്നു വിലസിയ സഹസ്രാരപത്മമേ

സര്‍ഗ്ഗാത്മകത തന്‍ ഉത്തുംഗപദങ്ങളേറിയ സൗന്ദര്യധാമമേ

സീമാതീതസ്നേഹം പകരാനും നുകരാനും കൊതിച്ച സ്നേഹഗായികേ

സഹസ്രകോടി കരങ്ങളാലര്‍പ്പിക്കുന്നു നിനക്കു പ്രണാമം.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------

കെ.സി.ഗീത.

Copyright (C) K.C.Geetha.

Saturday, June 6, 2009

കുഞ്ഞും തുമ്പിയും

തുമ്പീ പോരൂ കൂടേ നീ

തുമ്പപ്പൂവിന്‍ തേനൂട്ടാം

ചെത്തിമന്ദാരങ്ങള്‍ ചെമ്പകമൊട്ടുകള്‍

ചേലിലൊരുക്കീടാം -

നല്ലൊരുകൂടൊരുക്കീടാം - തുമ്പീ -

കൂടൊരുക്കീടാം.

*** *** ***

പൊന്‍വെയിലില്‍ തത്തിക്കളിക്കാന്‍

ഞാനും കൂടീടാം - നിന്നൊപ്പം

ഞാനും കൂടീടാം.

പനിനീരു പൂശിയ പട്ടു വിശറിയാല്‍

പൂമേനിയാറ്റീടാം - പട്ടിളം

പൂമേനിയാറ്റീടാം.

*** *** ***

തെളിനീരില്‍ മുങ്ങിക്കുളിക്കാന്‍

ഞാനും കൂടീടാം - നിന്നൊപ്പം

ഞാനും കൂടീടാം

ഇളനീരിന്‍ ശീതള പാനീയമേകാം

പൈദാഹമാറ്റീടാം - നിന്നുടേ

പൈദാഹമാറ്റീടാം.

----------------------

K.C. Geetha.

ദേവീ........

വാണീമണീ ദേവി സരസ്വതീ
വാഗ്‌ വിലാസിനി വരദായിനീ
വാണിയായ്‌,വിദ്യയായ്‌, വിജ്ഞാനമായ്‌
വിളങ്ങേണമടിയനില്‍ എന്നുമംബേ

** ** **
അഷ്ടരൂപധാരിണീ അനഘപ്രഭാമയീ
ശിഷ്ടജനപ്രിയേ ശിവശങ്കരീ
അജ്ഞാനമാം കൊടും തമസ്സിന്‍ മറ നീക്കി
അടിയനില്‍ ‍ചൊരിയണേ ജ്ഞാനപ്രഭാപൂരം

** ** **
ജ്ഞാനരൂപേണയെന്‍ അകതാരിലും
നാദരൂപേണയെന്‍ കണ്ഠത്തിലും
വീണാധ്വനികളായെന്‍ വിരല്‍ത്തുമ്പിലും
വാണരുളീടണേ വീണാധാരിണീ

** ** **
ശസ്ത്രശാസ്ത്രങ്ങള്‍ തന്‍ അധിദേവതേ
ശരണമേകീടണേ തൃപ്പാദപത്മേ
സംഗീതപൂജയാല്‍ നിത്യം ഉപാസിക്കാന്‍
‍സംഗതിയാകണേ ജഗദംബികേ

രചന : കെ. സി. ഗീത.
Copyright(C) 2007, K.C. Geetha.

പ്രാര്‍ത്ഥന

ഓം വിഘ്നേശ്വരായ നമ:


കൃഷ്ണാ ഗുരുവായൂ‌രപ്പാ

ഓം നമ:ശിവായ

ഓം നമ:ശിവായ്യൈ

ഓം നാരായണായ നമ:

സ്വാമിയേ ശരണമയ്യപ്പാ

ഓം ആഞ്ജനേയായ നമ:

ഓം നാഗരാജാവേ നമ:

ഓം നാഗരാജ്ഞിയേ നമ:

ഓം രാജരാജേശ്വരിയേ നമ: