Saturday, October 2, 2010

ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.

----------------------------------


കാവ്യകൈരളീ നഭസ്സിലുദിച്ചുയര്‍ന്നൊരു
ദിവ്യതേജസ്സാര്‍ന്ന പൊന്‍താരമാം ഓയെന്‍വി തന്‍
കരലാളനയാല്‍ പുളകിതഗാത്രിയായി
പരിലസിപ്പൂ മലയാളകവിതാംഗന.


വിപ്ലവാവേശത്തുടികളുണര്‍ത്തിയൊരിക്കല്‍
തപ്തനായ്‌ ആര്‍ദ്രഹൃദയനായ്‌ പാടി പിന്നെ
ഭൂമിതന്‍ നോവറിഞ്ഞു , നിസ്വനാം മാനവന്‍ തന്‍
തൂമിഴിനീരിലുറയും ഉപ്പിന്‍ കയ്പ്പറിഞ്ഞു
കണ്ണീരണിഞ്ഞുപോയ്‌ കവിതന്നാര്‍ദ്രമാനസം
കണ്ണീരിറ്റുവീണക്ഷരപ്പൊന്‍കണങ്ങളായി

ആത്മാവില്‍ നീറും വ്യഥപേറും പ്രകൃതിതന്‍
‍ആത്മാവറിഞ്ഞുപാടിയാ സ്നേഹഗായകന്‍
‍നോവുകളേറെ നീറിയാ മനസ്സിലെങ്കിലും
ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍


ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ്‌ നമിക്ക നീ.

അമ്മമലയാളം തന്‍ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാ-
അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ
കോടിപ്രണാമങ്ങളര്‍പ്പിക്കുന്നു തവമുന്നില്‍
കോടിസൂര്യപ്രഭയാര്‍ന്നുജ്ജ്വലിക്ക മേല്‍ക്കുമേല്‍.
-----------------------------------------------


കവിസാര്‍വ്വഭൌമനും ജ്ഞാനപീഠജേതാവുമായ മലയാളത്തിന്റെ പ്രിയകവി ശ്രീ. ഓ.എന്‍.വി. കുറുപ്പ് സാറിനെ കുറിച്ച് എഴുതാനൊന്നും ഒട്ടും വളര്‍ന്നിട്ടില്ല. അതു നല്ലവണ്ണം അറിയാം. എന്നാലും ഗുരുഭൂതനെ രാഷ്ട്രം ഇത്ര മഹോന്നതപദവിയാല്‍ ആദരിക്കുമ്പോള്‍ അതില്‍ മനം നിറഞ്ഞ് സന്തോഷിക്കാനല്ലാതെ ഈ എളിയവള്‍ക്ക് എന്തിനു കഴിയും. ആ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ വരികള്‍. ആ പാദപങ്കജങ്ങളില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട്, തെറ്റുകുറ്റങ്ങള്‍ പൊറുക്കണേന്ന് അപേക്ഷിച്ചു കൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

( കോളേജില്‍ രണ്ടാം ഭാഷയായി മലയാളം പഠിച്ചിരുന്നെങ്കില്‍ ശ്രീ ഓ.എന്‍.വി. സാറിന്റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ എന്നിപ്പോള്‍ എനിക്കഭിമാനിക്കാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഏറെ പാടിപുകഴ്ത്തുന്ന അദ്ദേഹത്തിന്റെ ശാകുന്തളം ക്ലാസ്സ് എനിക്കും കുറച്ച് കേള്‍ക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിലെ ബെഞ്ചുകളിലൊന്നില്‍ ഒരു ശിഷ്യയായിരുന്നുകൊണ്ടല്ല
പകരം അദ്ദേഹം ക്ലാസ്സെടുക്കുമ്പോള്‍ പുറത്ത് കോറിഡോറില്‍ നിന്ന് ഞങ്ങള്‍ കുറച്ചു ടീച്ചേര്‍സ് അതു കേള്‍ക്കുമായിരുന്നു. ഞാന്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴും പിന്നെ ആ കോളേജില്‍ തന്നെ അദ്ധ്യാപികയായി ചേരുമ്പോഴും ശ്രീ. ഓ.എന്‍.വി. സാര്‍ ആ കലാലയത്തിലുണ്ടായിരുന്നു. )

കെ. സി. ഗീത.

Copyright(C) 2010 K.C.Geetha.