Saturday, October 2, 2010

ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.

----------------------------------


കാവ്യകൈരളീ നഭസ്സിലുദിച്ചുയര്‍ന്നൊരു
ദിവ്യതേജസ്സാര്‍ന്ന പൊന്‍താരമാം ഓയെന്‍വി തന്‍
കരലാളനയാല്‍ പുളകിതഗാത്രിയായി
പരിലസിപ്പൂ മലയാളകവിതാംഗന.


വിപ്ലവാവേശത്തുടികളുണര്‍ത്തിയൊരിക്കല്‍
തപ്തനായ്‌ ആര്‍ദ്രഹൃദയനായ്‌ പാടി പിന്നെ
ഭൂമിതന്‍ നോവറിഞ്ഞു , നിസ്വനാം മാനവന്‍ തന്‍
തൂമിഴിനീരിലുറയും ഉപ്പിന്‍ കയ്പ്പറിഞ്ഞു
കണ്ണീരണിഞ്ഞുപോയ്‌ കവിതന്നാര്‍ദ്രമാനസം
കണ്ണീരിറ്റുവീണക്ഷരപ്പൊന്‍കണങ്ങളായി

ആത്മാവില്‍ നീറും വ്യഥപേറും പ്രകൃതിതന്‍
‍ആത്മാവറിഞ്ഞുപാടിയാ സ്നേഹഗായകന്‍
‍നോവുകളേറെ നീറിയാ മനസ്സിലെങ്കിലും
ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍


ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ്‌ നമിക്ക നീ.

അമ്മമലയാളം തന്‍ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാ-
അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ
കോടിപ്രണാമങ്ങളര്‍പ്പിക്കുന്നു തവമുന്നില്‍
കോടിസൂര്യപ്രഭയാര്‍ന്നുജ്ജ്വലിക്ക മേല്‍ക്കുമേല്‍.
-----------------------------------------------


കവിസാര്‍വ്വഭൌമനും ജ്ഞാനപീഠജേതാവുമായ മലയാളത്തിന്റെ പ്രിയകവി ശ്രീ. ഓ.എന്‍.വി. കുറുപ്പ് സാറിനെ കുറിച്ച് എഴുതാനൊന്നും ഒട്ടും വളര്‍ന്നിട്ടില്ല. അതു നല്ലവണ്ണം അറിയാം. എന്നാലും ഗുരുഭൂതനെ രാഷ്ട്രം ഇത്ര മഹോന്നതപദവിയാല്‍ ആദരിക്കുമ്പോള്‍ അതില്‍ മനം നിറഞ്ഞ് സന്തോഷിക്കാനല്ലാതെ ഈ എളിയവള്‍ക്ക് എന്തിനു കഴിയും. ആ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ വരികള്‍. ആ പാദപങ്കജങ്ങളില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട്, തെറ്റുകുറ്റങ്ങള്‍ പൊറുക്കണേന്ന് അപേക്ഷിച്ചു കൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

( കോളേജില്‍ രണ്ടാം ഭാഷയായി മലയാളം പഠിച്ചിരുന്നെങ്കില്‍ ശ്രീ ഓ.എന്‍.വി. സാറിന്റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ എന്നിപ്പോള്‍ എനിക്കഭിമാനിക്കാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഏറെ പാടിപുകഴ്ത്തുന്ന അദ്ദേഹത്തിന്റെ ശാകുന്തളം ക്ലാസ്സ് എനിക്കും കുറച്ച് കേള്‍ക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിലെ ബെഞ്ചുകളിലൊന്നില്‍ ഒരു ശിഷ്യയായിരുന്നുകൊണ്ടല്ല
പകരം അദ്ദേഹം ക്ലാസ്സെടുക്കുമ്പോള്‍ പുറത്ത് കോറിഡോറില്‍ നിന്ന് ഞങ്ങള്‍ കുറച്ചു ടീച്ചേര്‍സ് അതു കേള്‍ക്കുമായിരുന്നു. ഞാന്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴും പിന്നെ ആ കോളേജില്‍ തന്നെ അദ്ധ്യാപികയായി ചേരുമ്പോഴും ശ്രീ. ഓ.എന്‍.വി. സാര്‍ ആ കലാലയത്തിലുണ്ടായിരുന്നു. )

കെ. സി. ഗീത.

Copyright(C) 2010 K.C.Geetha.

Thursday, July 29, 2010

ഒരു പ്രണയഗാനം

ഇനി ഒരു പ്രണയഗാനമാവട്ടേ.
ഒരു പ്രണയാര്‍ദ്ര മാനസന്‍ പാടുന്നു....
...............................................................പ്രിയമാനസേ എന്റെ പ്രാണനിലെഴുതൂ നീ
പ്രണയാര്‍ദ്രഭാവഗീതങ്ങള്‍
‍പ്രാണനില്‍ പ്രാണനായ്‌ കാത്തുവയ്ക്കാമെന്റെ
പ്രാണേശ്വരീ നിന്റെ ഗീതകങ്ങള്‍
‍പ്രേമഗീതകങ്ങള്‍

*** *** ***

എന്റെ വൃന്ദാവനവാടിയില്‍ നീയൊരു
ചെമ്പനീര്‍പ്പൂവായ്‌ വിടര്‍ന്നൂ
നിന്റെ സുഗന്ധിയാം വര്‍ണ്ണദലങ്ങളും
നിന്നില്‍ നിറയും മധുവും
എനിക്കായ്‌ മാത്രമല്ലേ സഖീ
എനിക്കായ്‌ മാത്രമല്ലേ

*** *** ***

ചന്ദ്രിക തൂകുമീ മോഹനരാവില്‍ നീ
ചന്ദനക്കുളിരായ്‌ പടര്‍ന്നൂ
ചന്തം തികഞ്ഞൊരു നവവധുവായെന്റെ
ചിന്തകളില്‍ നീ നിറഞ്ഞൂ
നിനക്കായ്‌ കാത്തിരിപ്പൂ സഖീ
നിനക്കായ്‌ കാത്തിരിപ്പൂ


രചന. കെ.സി.ഗീത.
Copy Right (C) 2010 K.C. Geetha.

Friday, May 7, 2010

ഒരു സ്നേഹസംവാദം

സഖികളായ രണ്ട് ഉത്തുംഗശാഖികളുടെ വേരുകള്‍ ആണ് ഈ കവിതയിലെ കഥാപാത്രങ്ങള്‍.
------------------------------------------------------------------------------


ഒന്നാം ശാഖി തന്‍ വേരുകള്‍ :

‍പേലവ പല്ലവപുടങ്ങളണിഞ്ഞ്‌,
ചേലെഴും മലര്‍ക്കുടങ്ങള്‍ ചൂടി,
മധുവും മണവും പൂംപരാഗവും,
മധുരമാര്‍ന്ന കനികളും പേറി,

കിളികളെ പോറ്റി,
കുളിര്‍ കാറ്റിലാലോലമാടി,
പുലര്‍മഞ്ഞിന്‍ കുളിരറിഞ്ഞ്‌,
രവികിരണലാളനയേറ്റ്‌,

രജനികളില്‍ നിറനിലാച്ചാര്‍ത്തണിഞ്ഞ്‌,
താരകാംബര ശോഭ കണ്ട്‌,

ഋതുഭംഗികളേറ്റു വാങ്ങി,
ഉര്‍വ്വീസുതര്‍ക്ക്‌ തണലേകി,

‌സദാ...

നീലവിഹായസ്സിലേക്ക്‌ മിഴിയൂന്നി
വിലസീടുമെന്‍ ഹരിത ശാഖകളേ,

നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?

സൂര്യാംശുവില്ല, സോമാംശുവും
മാരുതി തന്‍ തലോടലില്ല
ചാരുതയോലും ദൃശ്യമില്ല
ഇരുളില്‍ തിരയുന്നു സദാ
ധര തന്നാഴത്തില്‍ കരുതിയ
കനിവിന്‍ ഉറവുകളെ
നിങ്ങള്‍ക്കായ്‌, നിങ്ങള്‍ക്കായി‌ മാത്രം
അറിയുന്നുവോ എന്‍ ഹരിതശാഖകളേ?

*** *** ***

രണ്ടാം ശാഖി തന്‍ വേരുകള്‍ :


അരുതരുതേ സഖീ പരിദേവനം
അറിയൂ, വേരുകള്‍ തന്‍ ധര്‍മ്മമിത്‌
വേരായ്‌ ഭവിച്ച നമ്മളില്ലെന്നാല്‍
‍പാരിതിലുണ്ടോ ശാഖിയും ശാഖയും?

ആഴത്തിലാഴ്‌ന്നിടും വേരുകളെങ്കിലോ
അംബരം ചുംബിച്ചു നിന്നീടുമാ ദ്രുമം
അറിയുന്നു ലോകമീ തത്വം സഖീ
ആഴത്തിലല്ലോ വേരിന്‍ മഹത്വം.


ആകാശനീലിമ നോക്കിനിന്നലസമായ്‌
ലാലസിച്ചീടുകയല്ല നിന്‍ ശാഖകള്‍
അരുണാതപം ഹരിതപര്‍ണ്ണങ്ങളാലേറ്റു
അന്നം ചമച്ചു പോറ്റുന്നവ നമ്മെയും.

താരും തളിരും ഹരിതപത്രങ്ങളും
തണ്ടും തടിയും, നാം വേരുകളും
ഒത്തുചേര്‍ന്നെന്നാകിലല്ലേ പിറക്കൂ
ഒത്ത ചേലാര്‍ന്നൊരു മാമരം മണ്ണിതില്‍?


വെവ്വേറെയില്ല നമുക്കൊരസ്തിത്വം
വേറിട്ടു നില്‍ക്കാന്‍ നമുക്കാവതില്ല
വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?

- ഗീത -

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------

ഈയിടെ ടി.വി.യില്‍ പഴയൊരു സിനിമ കണ്ടു. അതിലെ ഒരു സംഭാഷണം ഇങ്ങനെ :
“ പൂത്തുലഞ്ഞു നില്‍ക്കുന്ന മരം കാണുമ്പോള്‍ നാം സന്തോഷിക്കുന്നു; ‘ഹായ് എന്തു ഭംഗിയാര്‍ന്ന മരം’ എന്ന് മനസ്സില്‍ പറയുന്നു. പക്ഷേ അപ്പോഴും അതിന്റെ വേരുകള്‍ ഭൂമിക്കടിയില്‍ ‍ആഴങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുകയാണ്...”

ഇത് കേട്ടപ്പോള്‍ തോന്നിയതാണ് ഇങ്ങനെയൊക്കെ എഴുതാന്‍.
************************************************************************

Copy Right (C)2010 K.C.Geetha.

Thursday, March 11, 2010

പ്രബല

അബലയെന്ന നാമധേയം
അതിനി വേണോ വനിതകള്‍ക്ക്‌?
അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.


തൊട്ടിലാട്ടുമിക്കരങ്ങള്‍
തട്ടിമാറ്റിടില്ലിനി
ചിട്ടയോടെ ചിന്തയോടെ
തട്ടകത്തിലേറിടാം.


പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.


‍സഹജസ്നേഹമധുരവും
സമത്വഭാവ പുണ്യവും
സഹനശീല സുകൃതവും
സദാ പകര്‍ന്നു നല്‍കി നാം
പടുത്തുയര്‍ത്തിടാമിനി
പടുത്വമോടെ പുതുയുഗം.


അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.
**************************

വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?

ഗീത.

Copy Right (C)2010 K.C. Geetha.

Saturday, February 20, 2010

ഉഷശ്രീ


ഉഷസ്സിന്റെ ശ്രീത്വവും ഊഷ്മളസ്നേഹവും
ഉഷമലര്‍ കാന്തിയുമൊത്തിണങ്ങും
ഉഷശ്രീയെന്നൊരു കിലു കിലുക്കാം പെട്ടി
ഉഷസ്സുപോലിന്നെന്റെ കുടിയിലെത്തീ


ആദ്യമായ്‌ കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ആജന്മപരിചിതര്‍ പോല്‍
ആശ്ലേഷമേകി നീ എന്നെ പുണര്‍ന്നപ്പോള്‍
ആര്‍ദ്രമായ്‌ മാനസം ആത്മസഖീ


ഇല്ല മറക്കുകില്ലാജീവനാന്തവും
മല്‍സഖീ നിന്‍ സ്നേഹപരിമളം ഞാന്‍.

*******************************

ഇന്ന് ഉഷശ്രീയും (കിലുക്കാം പെട്ടി) ഗോപകുമാറും വീട്ടില്‍ വന്നിരുന്നു. ഉഷശ്രീയെ ആദ്യമായി കാണുകയാണ്. ഗോപകുമാറിനെ രണ്ടാം വട്ടവും. രണ്ടുപേരേയും എത്രയും സ്നേഹത്തോടേയും നന്ദിയോടേയും ഓര്‍ത്തുകൊണ്ട് ഈ കവിത രണ്ടുപേര്‍ക്കുമായി സമര്‍പ്പിക്കുന്നു.

- ഗീത -

Monday, January 25, 2010

കേരളഭൂമി

janmabhuuvinu.mp3

ജന്മഭൂവിനു മാതൃസ്ഥാനം കല്‍പ്പിച്ച മഹോന്നത ഭാരതം
ഭാരതാംബ തന്‍ കാല്‍ചിലമ്പിലെ നന്മണിമുത്താണീ കേരളംകേരളം കേരളം......

*** *** ***

പശ്ചിമസാനുവിന്‍ താഴ്‌വരയില്‍
പച്ചിലച്ചാര്‍ത്തിന്റെ മേടയിതില്‍
പേരാറും പെരിയാറും കസവിഴ പാകിയ
ഹരിത പട്ടാംബര ധാരിണിയായ്‌
ലാവണ്യകേദാരമായ്‌, ലളിത മനോഹരിയായ്‌
വിളങ്ങിനില്‍പ്പൂ, വിളങ്ങിനില്‍പ്പൂ
ഈ കേരകേദാര ഭൂമീ- ഈ കേരളഭൂമീ...

കവിസങ്കല്‍പ്പം വെല്ലും സുന്ദര സ്വപ്നസമാന ഭൂമി
ഉലകില്‍ തീര്‍ത്തൊരു സുരലോകം ഈ സുന്ദര സുരഭില ഭൂമി
സുഖദ ശീതള ഭൂമി...
(പശ്ചിമ സാനുവിന്‍...)

*** *** ***

നീലമാമല നിരകള്‍ നീളെ
ചാമരങ്ങള്‍ വീശി നില്‍ക്കും
മാമരങ്ങള്‍, പൂമരങ്ങള്‍, പൂവനങ്ങള്‍
പൂത്ത വനികകള്‍, പൂമ്പൊയ്കകള്‍
മാനോടും മയിലാടും മരതക വനികള്‍
മഞ്ഞണിമലകള്‍...

മത്തഗജങ്ങള്‍ മേയും മാമഴക്കാടുകള്‍
മധുശലഭങ്ങള്‍ പാറും മലരണിക്കാടുകള്‍
എത്ര സുന്ദരം! എത്ര സുന്ദരം!
ഈ നിത്യഹരിത ഭൂമി കേരളഭൂമി... കേരളഭൂമി...
(പശ്ചിമസാനുവിന്‍....)

*** *** ***

ചിങ്ങത്തിരുവോണപ്പാട്ടുകളും
തിരുവാതിരപ്പാട്ടിന്‍ ശീലുകളും
ഞാറ്റുപാട്ടും തോറ്റം പാട്ടും
പുള്ളുവന്‍ പാട്ടും പാണന്‍ പാട്ടും
വഞ്ചിപ്പാട്ടിന്‍ ഈണങ്ങളും
വേലന്‍ പാട്ടും പഴം പാട്ടും
മാറ്റൊലി കൊള്ളുന്നീ വിണ്‍ മണ്ഡലത്തില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍...
(പശ്ചിമ സാനുവിന്‍....)

by K.C.Geetha.

Copyright (C) 2010 K.C. Geetha.

ഈ പാട്ട് പണ്ടൊരിക്കല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളെ റിപ്പബ്ലിക് ദിനം. ഒരു ദേശഭക്തി ഗാനം പോസ്റ്റ് ചെയ്യണമെന്ന് ഒരു മോഹം. പുതിയത് ഒന്നും എഴുതാത്തതുകൊണ്ട് പഴയതൊന്ന് എടുത്ത് പോസ്റ്റുന്നു. എല്ലാവരും ക്ഷമിക്കുക.

(പാട്ട് കേള്‍ക്കണമെങ്കില്‍ ഫുള്‍ വോളിയത്തില്‍ വച്ചാലേ പറ്റൂ)‍