Saturday, December 24, 2011
തിരുപ്പിറവി
---------------------
തൂമഞ്ഞു പെയ്യുന്നൂ
പൊൻതാര മിന്നുന്നൂ
പുണ്യരാവിതിൽ
ഉണ്ണിമിശിഹാ
ജാതനായ്
ബെത്‌ലഹേമിലെ
പുൽക്കൂടിനുള്ളിൽ
ദൈവപുത്രനായ്
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
മണ്ണിൻ പുണ്യമായ്
വിണ്ണിൻ ദാനമായ്
കണ്ണിലുണ്ണിയായ്
ഉണ്ണി മിശിഹാ
ജാതനായ്
*** *** ***
ദിവ്യസ്നേഹമായ്
നവ്യതേജസായ്
കന്യകാ സുതൻ
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
തിന്മ മാറ്റിടാൻ
നന്മ ഏറ്റിടാൻ
മണ്ണിൻ നാഥനായ്
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
സ്നേഹധാരയാൽ
പാപഭാരങ്ങൾ
നീക്കിടാനിതാ
ഉണ്ണിമിശിഹാ
ജാതനായ്
--------------------
രണ്ടു സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഡിസംബറിലെ കുളിരുള്ളൊരു രാവിൽ ഭൂമിയുടെ പുണ്യമായ് വന്നുപിറന്ന ആ സ്നേഹദൂതന്റെ സ്മരണയിൽ ഒരു ക്രിസ്തുമസ്സ് ഗാനം.
എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.
K.C. Geetha
Copyright (C)2011 K.C.Geetha.
Sunday, December 11, 2011
‘മാനസ’കവിത

ചിത്രത്തിൽ ക്ലിക്കി ഈ കുഞ്ഞിക്കവിത വായിക്കൂ. പ്രകൃതിയോടുള്ള സ്നേഹവും തുറസ്സായ സ്ഥലത്ത് കുട്ടികൾ കളികളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുകയാണ് തന്റേതായ ഭാഷയിൽ കുഞ്ഞു കവി ഇതിൽ. അവന്റെ ആദ്യകവിത.
അവൻ പന്തു കളിക്കുന്നതാണ് ആ ചിത്രത്തിൽ വരച്ച് കാട്ടിയിരിക്കുന്നത്. ഒപ്പം കളിക്കുന്ന കൂട്ടുകാരൻ അവന്റെ അച്ഛൻ തന്നെ.
ഈ പോസ്റ്റിലെ നായകനാണ് ഈ കുഞ്ഞുകവി.
എഴുതിയത് : S.M. മാനസ്
വയസ്സ് : 7
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.
Saturday, September 3, 2011
ഓണം വിത്ത് ഈണം 2011 - ഓണപ്പാട്ടുകളുടെ ആൽബം
ഈണം എന്ന സ്വതന്ത്രസംഗീത സംരംഭം ഈ ഓണത്തിനും എത്തുന്നു ഓണപ്പാട്ടുകളുമായി. ഇത്തവണ 9 ഗാനങ്ങളാണ് ‘ഓണം വിത്ത് ഈണം 2011’ എന്ന ആൽബത്തിൽ. അവ കേൾക്കാനായി ഇവിടെ പോകൂ. ഏതെങ്കിലും ഒരു പാട്ടിന് കമന്റ് ഇട്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ആ ആൽബം പാട്ടുകൾ ഡൌൺ ലോഡ് ചെയ്യാം.
ഈ ആൽബത്തിൽ ഞാനും ഒരു പാട്ട് എഴുതിയിട്ടുണ്ട്. അതു ഇവിടെ കേൾക്കാം. ആ ഗാനത്തിന്റെ വരികൾ താഴെ :
പല്ലവി
---------
പൂവണി കതിരണി വയലുകളിൽ പൊൻകണിയായ്
താരണി തളിരണി തരുനിരകൾ പുഞ്ചിരിച്ചൂ
ആവണി കതിരൊളി തിരളുമിതാ പൊൻചിങ്ങമായ്
പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ്
തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ ചെറുതുമ്പീ കളിയാടാൻ നീ വായോ
*** *** ***
അനുപല്ലവി
---------------
പൂമുഖപ്പടിമേലെ നിന്നെയും കാത്ത്
പൊന്നിൻ കിനാക്കൾ കണ്ടു ഞാൻ നിന്നൂ
പൂമിഴിയാളേ…..
പാതി വിടർന്നൊരു പനിമലർ പോലെ
പൂംപുലർ വേളയിൽ നീയന്നു വന്നു
ഓർമ്മകൾ വിടരവേ
ആർദ്രമായ് രാഗമാനസം
പൊൻകിനാക്കൾ പൂവണിഞ്ഞു ഇന്നു വീണ്ടും
*** *** ***
ചരണം
----------
താന്തമീ മനസ്സിൻ തന്തികളിൽ നീ
സാന്ത്വനരാഗം മീട്ടിയുണർത്തി
തേന്മൊഴിയാലേ…..
നീയെന്നിൽ പകർന്നു ജീവനരാഗം
സാന്ദ്രമധുരമാം അനുരാഗഗാനം
ഓണനാൾ പുലരവേ
ഓമലേ രാഗലോലയായ്
എന്നരുകിൽ നീവരില്ലേ പ്രേമമോടെ.
*************************************
രചന : കെ.സി. ഗീത.എല്ലാവർക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണക്കാലം ആശംസിച്ചു കൊള്ളുന്നു !
---------------------------------------------------------------------------------------------------------------------
Copy right (C)2011 K.C.Geetha.
Monday, February 14, 2011
ഒരു ദേശഭക്തിഗാനം
ശ്രീ. സി.കെ. വഹാബ്.
ഇവിടെ കേൾക്കാം.
പല്ലവി
-------
ഇന്ത്യയിതൊന്നേയുള്ളൂ -
ഈ പ്രപഞ്ചത്തിൽ
ഇന്ത്യയിതൊന്നേയുള്ളൂ
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ
രണഭേരികളില്ലിവിടെ
രണഭൂമിയുമല്ലിവിടം
രമ്യതയോടെ, രഞ്ജിപ്പോടെ
ജനകോടികൾ വാഴും രാജ്യം
ഇന്ത്യാരാജ്യം , ഈ ഇന്ത്യാരാജ്യം
ഇന്ത്യാരാജ്യം
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ
*** *** ***
അനുപല്ലവി
------------
നബിതൻ ദർശനവും ക്രൈസ്തവസംഹിതയും
ഹിന്ദുപുരാണവും ബുദ്ധവിഹാരവും
ഒരുപോലൊരുപോൽ പുലരും ഭൂമി - ഈ
ഇന്ത്യയിതൊന്നേയുള്ളൂ
*** *** ***
ചരണങ്ങൾ
-----------
മതമൈത്രിക്കു ധാത്രിയാണീ ധരിത്രി
മതാന്ധരെ തോൽപ്പിച്ച പുണ്യഗാത്രി
മതമല്ല, മുഖ്യം മനുജനെന്നോതിയ
ഇന്ത്യയിതൊന്നേയുള്ളൂ
യുവചേതന ഉണരട്ടേ
യുഗപ്രഭാവർ പുലരട്ടേ
മാനവസ്നേഹ മന്ത്രത്തിൻ
മന്ദ്രധ്വനികൾ ഉയരട്ടേ
യുഗാന്തരങ്ങളിലൂടെ
ഈ പുണ്യയാഗഭൂവിൻ
യശസ്സിൻ യമുനകൾ ഒഴുകട്ടേ
യശസ്സിൻ യമുനകൾ ഒഴുകട്ടേ - സദ്-
യശസ്സിൻ യമുനകൾ ഒഴുകട്ടേ
കെ.സി. ഗീത.
Copyright (C)(2011) K.C. Geetha.
Wednesday, January 5, 2011
നാദം
പല്ലവി
-------
ശശിലേഖയീ ശാരദരാവിൽ
ശരറാന്തൽ തിരി തെളിക്കുന്നൂ
വനമാലതി പൂ വിടരുന്നൂ
പനിനീരുമായ് കാറ്റണയുന്നൂ
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
*** *** ***
അനുപല്ലവി
-------------
സുരഭീയാമം സുഖതരവേള
പരിമളമോലും നവസുമമേള
സുരഭിലമാകും രജനിയിതിൽ നീ
വരുവതില്ലേയെൻ മാനസചോരാ
ഹരിതവനികയിതു സുഖദശീതളം
വരിക അരികിലെൻ ഗോപബാല
മിഴിനീരുമായ് കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
*** *** ***
ചരണം
--------
യമുനാതീരേ കുന്ദലതാഗൃഹേ
യദുകുലരാധ ഇവളിരിപ്പൂ
മനമിതിലാകെ മുരഹരരൂപം
മുരളികയൂതും മാധവരൂപം
വിരഹപീഡയിനി അരുതു സഹിയുവാൻ
വിരവിലണയൂ നീ വേണുലോലാ
മിഴിനീരുമായ് കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
************************
കെ.സി. ഗീത.
Copyright (C) 2011 K.C.Geetha.
Saturday, October 2, 2010
ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.
കാവ്യകൈരളീ നഭസ്സിലുദിച്ചുയര്‍ന്നൊരു
ദിവ്യതേജസ്സാര്‍ന്ന പൊന്‍താരമാം ഓയെന്‍വി തന്‍
കരലാളനയാല്‍ പുളകിതഗാത്രിയായി
പരിലസിപ്പൂ മലയാളകവിതാംഗന.
വിപ്ലവാവേശത്തുടികളുണര്‍ത്തിയൊരിക്കല്‍
തപ്തനായ് ആര്‍ദ്രഹൃദയനായ് പാടി പിന്നെ
ഭൂമിതന്‍ നോവറിഞ്ഞു , നിസ്വനാം മാനവന്‍ തന്‍
തൂമിഴിനീരിലുറയും ഉപ്പിന്‍ കയ്പ്പറിഞ്ഞു
കണ്ണീരണിഞ്ഞുപോയ് കവിതന്നാര്‍ദ്രമാനസം
കണ്ണീരിറ്റുവീണക്ഷരപ്പൊന്‍കണങ്ങളായി
ആത്മാവില്‍ നീറും വ്യഥപേറും പ്രകൃതിതന്‍
ആത്മാവറിഞ്ഞുപാടിയാ സ്നേഹഗായകന്‍
നോവുകളേറെ നീറിയാ മനസ്സിലെങ്കിലും
ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍
ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ് നമിക്ക നീ.
അമ്മമലയാളം തന്‍ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാ-
അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ
കോടിപ്രണാമങ്ങളര്‍പ്പിക്കുന്നു തവമുന്നില്‍
കോടിസൂര്യപ്രഭയാര്‍ന്നുജ്ജ്വലിക്ക മേല്‍ക്കുമേല്‍.
-----------------------------------------------
കവിസാര്‍വ്വഭൌമനും ജ്ഞാനപീഠജേതാവുമായ മലയാളത്തിന്റെ പ്രിയകവി ശ്രീ. ഓ.എന്‍.വി. കുറുപ്പ് സാറിനെ കുറിച്ച് എഴുതാനൊന്നും ഒട്ടും വളര്‍ന്നിട്ടില്ല. അതു നല്ലവണ്ണം അറിയാം. എന്നാലും ഗുരുഭൂതനെ രാഷ്ട്രം ഇത്ര മഹോന്നതപദവിയാല്‍ ആദരിക്കുമ്പോള്‍ അതില്‍ മനം നിറഞ്ഞ് സന്തോഷിക്കാനല്ലാതെ ഈ എളിയവള്‍ക്ക് എന്തിനു കഴിയും. ആ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ വരികള്‍. ആ പാദപങ്കജങ്ങളില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട്, തെറ്റുകുറ്റങ്ങള്‍ പൊറുക്കണേന്ന് അപേക്ഷിച്ചു കൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.
( കോളേജില്‍ രണ്ടാം ഭാഷയായി മലയാളം പഠിച്ചിരുന്നെങ്കില്‍ ശ്രീ ഓ.എന്‍.വി. സാറിന്റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ എന്നിപ്പോള്‍ എനിക്കഭിമാനിക്കാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഏറെ പാടിപുകഴ്ത്തുന്ന അദ്ദേഹത്തിന്റെ ശാകുന്തളം ക്ലാസ്സ് എനിക്കും കുറച്ച് കേള്‍ക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിലെ ബെഞ്ചുകളിലൊന്നില്‍ ഒരു ശിഷ്യയായിരുന്നുകൊണ്ടല്ല
പകരം അദ്ദേഹം ക്ലാസ്സെടുക്കുമ്പോള്‍ പുറത്ത് കോറിഡോറില്‍ നിന്ന് ഞങ്ങള്‍ കുറച്ചു ടീച്ചേര്‍സ് അതു കേള്‍ക്കുമായിരുന്നു. ഞാന്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴും പിന്നെ ആ കോളേജില്‍ തന്നെ അദ്ധ്യാപികയായി ചേരുമ്പോഴും ശ്രീ. ഓ.എന്‍.വി. സാര്‍ ആ കലാലയത്തിലുണ്ടായിരുന്നു. )
കെ. സി. ഗീത.
Copyright(C) 2010 K.C.Geetha.
Thursday, July 29, 2010
ഒരു പ്രണയഗാനം
ഒരു പ്രണയാര്‍ദ്ര മാനസന്‍ പാടുന്നു....
...............................................................
പ്രിയമാനസേ എന്റെ പ്രാണനിലെഴുതൂ നീ
പ്രണയാര്‍ദ്രഭാവഗീതങ്ങള്‍
പ്രാണനില്‍ പ്രാണനായ് കാത്തുവയ്ക്കാമെന്റെ
പ്രാണേശ്വരീ നിന്റെ ഗീതകങ്ങള്‍
പ്രേമഗീതകങ്ങള്‍
*** *** ***
എന്റെ വൃന്ദാവനവാടിയില്‍ നീയൊരു
ചെമ്പനീര്‍പ്പൂവായ് വിടര്‍ന്നൂ
നിന്റെ സുഗന്ധിയാം വര്‍ണ്ണദലങ്ങളും
നിന്നില്‍ നിറയും മധുവും
എനിക്കായ് മാത്രമല്ലേ സഖീ
എനിക്കായ് മാത്രമല്ലേ
*** *** ***
ചന്ദ്രിക തൂകുമീ മോഹനരാവില്‍ നീ
ചന്ദനക്കുളിരായ് പടര്‍ന്നൂ
ചന്തം തികഞ്ഞൊരു നവവധുവായെന്റെ
ചിന്തകളില്‍ നീ നിറഞ്ഞൂ
നിനക്കായ് കാത്തിരിപ്പൂ സഖീ
നിനക്കായ് കാത്തിരിപ്പൂ
രചന. കെ.സി.ഗീത.
Copy Right (C) 2010 K.C. Geetha.


