Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, June 9, 2012

ഒരു ഗാനം


പ്രിയതമനണയുന്ന രാവിൽ പ്രകൃതിയോട് സല്ലപിക്കുകയാണ് നായിക.



ഈ ഗാനം അമൃതവർഷിണിയുടെ മധുമയസ്വരത്തിൽ ഇവിടെ കേൾക്കാം
------------------------------------------------




പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും


പാതി വിടർന്നൊരു മുല്ലമൊട്ടും

പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ

പങ്കുവയ്ക്കില്ലേ അതെന്നോടുമായ്?


ഞാനും നിങ്ങൾ തൻ സഖിയല്ലയോ.

***               ***                     ***

രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു

രാഗാർദ്രലോലനായ് രാപ്പാടി

രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?

രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ

രാവിന്റെ പുളകമായ് പൂത്തില്ലേ?



കിളിയേ എന്നോട് ചൊല്ലുകില്ലേ

ഞാനും നിൻ സഖിയല്ലേ.

***               ***             ***

മാലേയമണമോലും രാക്കാറ്റു വീശുന്നു

മേലാകെ കുളിരാട ചാർത്തുന്നു

കാമുകനാം പ്രിയനവനണയുന്നു

കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ

കരളിൽ കിനാവുമായ് കാത്തില്ലേ?



കിളിയേ ആരോടും ചൊല്ലരുതേ

ഞാനും നിൻ സഖിയല്ലേ.
--------------------------------

രചന : K.C. Geetha.

Copy Right (C) 2012 K.C. Geetha.


Sunday, December 11, 2011

‘മാനസ’കവിത



ചിത്രത്തിൽ ക്ലിക്കി ഈ കുഞ്ഞിക്കവിത വായിക്കൂ. പ്രകൃതിയോടുള്ള സ്നേഹവും തുറസ്സായ സ്ഥലത്ത് കുട്ടികൾ കളികളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുകയാണ് തന്റേതായ ഭാഷയിൽ കുഞ്ഞു കവി ഇതിൽ. അവന്റെ ആദ്യകവിത.


അവൻ പന്തു കളിക്കുന്നതാണ് ആ ചിത്രത്തിൽ വരച്ച് കാട്ടിയിരിക്കുന്നത്. ഒപ്പം കളിക്കുന്ന കൂട്ടുകാരൻ അവന്റെ അച്ഛൻ തന്നെ.

പോസ്റ്റിലെ നായകനാണ് ഈ കുഞ്ഞുകവി.

എഴുതിയത് : S.M. മാനസ്
വയസ്സ് : 7
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.

Saturday, October 2, 2010

ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.

----------------------------------


കാവ്യകൈരളീ നഭസ്സിലുദിച്ചുയര്‍ന്നൊരു
ദിവ്യതേജസ്സാര്‍ന്ന പൊന്‍താരമാം ഓയെന്‍വി തന്‍
കരലാളനയാല്‍ പുളകിതഗാത്രിയായി
പരിലസിപ്പൂ മലയാളകവിതാംഗന.


വിപ്ലവാവേശത്തുടികളുണര്‍ത്തിയൊരിക്കല്‍
തപ്തനായ്‌ ആര്‍ദ്രഹൃദയനായ്‌ പാടി പിന്നെ
ഭൂമിതന്‍ നോവറിഞ്ഞു , നിസ്വനാം മാനവന്‍ തന്‍
തൂമിഴിനീരിലുറയും ഉപ്പിന്‍ കയ്പ്പറിഞ്ഞു
കണ്ണീരണിഞ്ഞുപോയ്‌ കവിതന്നാര്‍ദ്രമാനസം
കണ്ണീരിറ്റുവീണക്ഷരപ്പൊന്‍കണങ്ങളായി

ആത്മാവില്‍ നീറും വ്യഥപേറും പ്രകൃതിതന്‍
‍ആത്മാവറിഞ്ഞുപാടിയാ സ്നേഹഗായകന്‍
‍നോവുകളേറെ നീറിയാ മനസ്സിലെങ്കിലും
ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍


ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ്‌ നമിക്ക നീ.

അമ്മമലയാളം തന്‍ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാ-
അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ
കോടിപ്രണാമങ്ങളര്‍പ്പിക്കുന്നു തവമുന്നില്‍
കോടിസൂര്യപ്രഭയാര്‍ന്നുജ്ജ്വലിക്ക മേല്‍ക്കുമേല്‍.
-----------------------------------------------


കവിസാര്‍വ്വഭൌമനും ജ്ഞാനപീഠജേതാവുമായ മലയാളത്തിന്റെ പ്രിയകവി ശ്രീ. ഓ.എന്‍.വി. കുറുപ്പ് സാറിനെ കുറിച്ച് എഴുതാനൊന്നും ഒട്ടും വളര്‍ന്നിട്ടില്ല. അതു നല്ലവണ്ണം അറിയാം. എന്നാലും ഗുരുഭൂതനെ രാഷ്ട്രം ഇത്ര മഹോന്നതപദവിയാല്‍ ആദരിക്കുമ്പോള്‍ അതില്‍ മനം നിറഞ്ഞ് സന്തോഷിക്കാനല്ലാതെ ഈ എളിയവള്‍ക്ക് എന്തിനു കഴിയും. ആ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ വരികള്‍. ആ പാദപങ്കജങ്ങളില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട്, തെറ്റുകുറ്റങ്ങള്‍ പൊറുക്കണേന്ന് അപേക്ഷിച്ചു കൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

( കോളേജില്‍ രണ്ടാം ഭാഷയായി മലയാളം പഠിച്ചിരുന്നെങ്കില്‍ ശ്രീ ഓ.എന്‍.വി. സാറിന്റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ എന്നിപ്പോള്‍ എനിക്കഭിമാനിക്കാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഏറെ പാടിപുകഴ്ത്തുന്ന അദ്ദേഹത്തിന്റെ ശാകുന്തളം ക്ലാസ്സ് എനിക്കും കുറച്ച് കേള്‍ക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിലെ ബെഞ്ചുകളിലൊന്നില്‍ ഒരു ശിഷ്യയായിരുന്നുകൊണ്ടല്ല
പകരം അദ്ദേഹം ക്ലാസ്സെടുക്കുമ്പോള്‍ പുറത്ത് കോറിഡോറില്‍ നിന്ന് ഞങ്ങള്‍ കുറച്ചു ടീച്ചേര്‍സ് അതു കേള്‍ക്കുമായിരുന്നു. ഞാന്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴും പിന്നെ ആ കോളേജില്‍ തന്നെ അദ്ധ്യാപികയായി ചേരുമ്പോഴും ശ്രീ. ഓ.എന്‍.വി. സാര്‍ ആ കലാലയത്തിലുണ്ടായിരുന്നു. )

കെ. സി. ഗീത.

Copyright(C) 2010 K.C.Geetha.

Thursday, July 29, 2010

ഒരു പ്രണയഗാനം

ഇനി ഒരു പ്രണയഗാനമാവട്ടേ.
ഒരു പ്രണയാര്‍ദ്ര മാനസന്‍ പാടുന്നു....
...............................................................



പ്രിയമാനസേ എന്റെ പ്രാണനിലെഴുതൂ നീ
പ്രണയാര്‍ദ്രഭാവഗീതങ്ങള്‍
‍പ്രാണനില്‍ പ്രാണനായ്‌ കാത്തുവയ്ക്കാമെന്റെ
പ്രാണേശ്വരീ നിന്റെ ഗീതകങ്ങള്‍
‍പ്രേമഗീതകങ്ങള്‍

*** *** ***

എന്റെ വൃന്ദാവനവാടിയില്‍ നീയൊരു
ചെമ്പനീര്‍പ്പൂവായ്‌ വിടര്‍ന്നൂ
നിന്റെ സുഗന്ധിയാം വര്‍ണ്ണദലങ്ങളും
നിന്നില്‍ നിറയും മധുവും
എനിക്കായ്‌ മാത്രമല്ലേ സഖീ
എനിക്കായ്‌ മാത്രമല്ലേ

*** *** ***

ചന്ദ്രിക തൂകുമീ മോഹനരാവില്‍ നീ
ചന്ദനക്കുളിരായ്‌ പടര്‍ന്നൂ
ചന്തം തികഞ്ഞൊരു നവവധുവായെന്റെ
ചിന്തകളില്‍ നീ നിറഞ്ഞൂ
നിനക്കായ്‌ കാത്തിരിപ്പൂ സഖീ
നിനക്കായ്‌ കാത്തിരിപ്പൂ


രചന. കെ.സി.ഗീത.
Copy Right (C) 2010 K.C. Geetha.

Thursday, March 11, 2010

പ്രബല

അബലയെന്ന നാമധേയം
അതിനി വേണോ വനിതകള്‍ക്ക്‌?
അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.


തൊട്ടിലാട്ടുമിക്കരങ്ങള്‍
തട്ടിമാറ്റിടില്ലിനി
ചിട്ടയോടെ ചിന്തയോടെ
തട്ടകത്തിലേറിടാം.


പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.


‍സഹജസ്നേഹമധുരവും
സമത്വഭാവ പുണ്യവും
സഹനശീല സുകൃതവും
സദാ പകര്‍ന്നു നല്‍കി നാം
പടുത്തുയര്‍ത്തിടാമിനി
പടുത്വമോടെ പുതുയുഗം.


അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.
**************************

വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?

ഗീത.

Copy Right (C)2010 K.C. Geetha.

Saturday, February 20, 2010

ഉഷശ്രീ


ഉഷസ്സിന്റെ ശ്രീത്വവും ഊഷ്മളസ്നേഹവും
ഉഷമലര്‍ കാന്തിയുമൊത്തിണങ്ങും
ഉഷശ്രീയെന്നൊരു കിലു കിലുക്കാം പെട്ടി
ഉഷസ്സുപോലിന്നെന്റെ കുടിയിലെത്തീ


ആദ്യമായ്‌ കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ആജന്മപരിചിതര്‍ പോല്‍
ആശ്ലേഷമേകി നീ എന്നെ പുണര്‍ന്നപ്പോള്‍
ആര്‍ദ്രമായ്‌ മാനസം ആത്മസഖീ


ഇല്ല മറക്കുകില്ലാജീവനാന്തവും
മല്‍സഖീ നിന്‍ സ്നേഹപരിമളം ഞാന്‍.

*******************************

ഇന്ന് ഉഷശ്രീയും (കിലുക്കാം പെട്ടി) ഗോപകുമാറും വീട്ടില്‍ വന്നിരുന്നു. ഉഷശ്രീയെ ആദ്യമായി കാണുകയാണ്. ഗോപകുമാറിനെ രണ്ടാം വട്ടവും. രണ്ടുപേരേയും എത്രയും സ്നേഹത്തോടേയും നന്ദിയോടേയും ഓര്‍ത്തുകൊണ്ട് ഈ കവിത രണ്ടുപേര്‍ക്കുമായി സമര്‍പ്പിക്കുന്നു.

- ഗീത -