Friday, May 7, 2010

ഒരു സ്നേഹസംവാദം

സഖികളായ രണ്ട് ഉത്തുംഗശാഖികളുടെ വേരുകള്‍ ആണ് ഈ കവിതയിലെ കഥാപാത്രങ്ങള്‍.
------------------------------------------------------------------------------


ഒന്നാം ശാഖി തന്‍ വേരുകള്‍ :

‍പേലവ പല്ലവപുടങ്ങളണിഞ്ഞ്‌,
ചേലെഴും മലര്‍ക്കുടങ്ങള്‍ ചൂടി,
മധുവും മണവും പൂംപരാഗവും,
മധുരമാര്‍ന്ന കനികളും പേറി,

കിളികളെ പോറ്റി,
കുളിര്‍ കാറ്റിലാലോലമാടി,
പുലര്‍മഞ്ഞിന്‍ കുളിരറിഞ്ഞ്‌,
രവികിരണലാളനയേറ്റ്‌,

രജനികളില്‍ നിറനിലാച്ചാര്‍ത്തണിഞ്ഞ്‌,
താരകാംബര ശോഭ കണ്ട്‌,

ഋതുഭംഗികളേറ്റു വാങ്ങി,
ഉര്‍വ്വീസുതര്‍ക്ക്‌ തണലേകി,

‌സദാ...

നീലവിഹായസ്സിലേക്ക്‌ മിഴിയൂന്നി
വിലസീടുമെന്‍ ഹരിത ശാഖകളേ,

നിങ്ങളറിയുന്നുവോ
നിങ്ങളെ താങ്ങുമീ വേരുകള്‍ തന്‍ വേദനകള്‍?
മണ്ണിന്നാഴങ്ങളില്‍ ഞെരുങ്ങുമീ വേരുകള്‍ തന്‍ വീര്‍പ്പുമുട്ടലുകള്‍?

സൂര്യാംശുവില്ല, സോമാംശുവും
മാരുതി തന്‍ തലോടലില്ല
ചാരുതയോലും ദൃശ്യമില്ല
ഇരുളില്‍ തിരയുന്നു സദാ
ധര തന്നാഴത്തില്‍ കരുതിയ
കനിവിന്‍ ഉറവുകളെ
നിങ്ങള്‍ക്കായ്‌, നിങ്ങള്‍ക്കായി‌ മാത്രം
അറിയുന്നുവോ എന്‍ ഹരിതശാഖകളേ?

*** *** ***

രണ്ടാം ശാഖി തന്‍ വേരുകള്‍ :


അരുതരുതേ സഖീ പരിദേവനം
അറിയൂ, വേരുകള്‍ തന്‍ ധര്‍മ്മമിത്‌
വേരായ്‌ ഭവിച്ച നമ്മളില്ലെന്നാല്‍
‍പാരിതിലുണ്ടോ ശാഖിയും ശാഖയും?

ആഴത്തിലാഴ്‌ന്നിടും വേരുകളെങ്കിലോ
അംബരം ചുംബിച്ചു നിന്നീടുമാ ദ്രുമം
അറിയുന്നു ലോകമീ തത്വം സഖീ
ആഴത്തിലല്ലോ വേരിന്‍ മഹത്വം.


ആകാശനീലിമ നോക്കിനിന്നലസമായ്‌
ലാലസിച്ചീടുകയല്ല നിന്‍ ശാഖകള്‍
അരുണാതപം ഹരിതപര്‍ണ്ണങ്ങളാലേറ്റു
അന്നം ചമച്ചു പോറ്റുന്നവ നമ്മെയും.

താരും തളിരും ഹരിതപത്രങ്ങളും
തണ്ടും തടിയും, നാം വേരുകളും
ഒത്തുചേര്‍ന്നെന്നാകിലല്ലേ പിറക്കൂ
ഒത്ത ചേലാര്‍ന്നൊരു മാമരം മണ്ണിതില്‍?


വെവ്വേറെയില്ല നമുക്കൊരസ്തിത്വം
വേറിട്ടു നില്‍ക്കാന്‍ നമുക്കാവതില്ല
വേദനയെന്നിതു കരുതരുതേ സഖീ
മേദിനീഗര്‍ഭവാഴ്‌വ്‌ പുണ്യമല്ലേ?

- ഗീത -

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------

ഈയിടെ ടി.വി.യില്‍ പഴയൊരു സിനിമ കണ്ടു. അതിലെ ഒരു സംഭാഷണം ഇങ്ങനെ :
“ പൂത്തുലഞ്ഞു നില്‍ക്കുന്ന മരം കാണുമ്പോള്‍ നാം സന്തോഷിക്കുന്നു; ‘ഹായ് എന്തു ഭംഗിയാര്‍ന്ന മരം’ എന്ന് മനസ്സില്‍ പറയുന്നു. പക്ഷേ അപ്പോഴും അതിന്റെ വേരുകള്‍ ഭൂമിക്കടിയില്‍ ‍ആഴങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുകയാണ്...”

ഇത് കേട്ടപ്പോള്‍ തോന്നിയതാണ് ഇങ്ങനെയൊക്കെ എഴുതാന്‍.
************************************************************************

Copy Right (C)2010 K.C.Geetha.