Saturday, October 17, 2009

ഒരു പിണക്കം


ഇവിടൊരു പൂമരം
ഇടതൂര്‍ന്നിലച്ചാര്‍ത്തുമായ്‌
ഇരുപാടുമൊരുപാടു ചില്ലകള്‍
വീശിപടര്‍ന്നുവിതാനിച്ചു നില്‍പ്പൂ
തണലും തണുപ്പുമേകി.

ഇതുവഴി പോയ വസന്തര്‍ത്തുവില്‍
പൂത്തു തളിര്‍ത്തു പോയാ പൂമരച്ചില്ലകള്‍!

താരിട്ട, തളിരിട്ട ‍
ചില്ലയിലണയുവാന്‍,
മലര്‍മണം മുകരുവാന്‍,
മധുവൊന്നു നുകരുവാന്‍,
പരാഗങ്ങളേല്‍ക്കുവാന്‍
കൊതിച്ചു കൊതിച്ചങ്ങു പാറി വന്നൂ
എങ്ങുനിന്നോ ഒരു ചെറുകിളിപ്പെണ്ണ്‌ !

പൂത്തു തളിര്‍ത്തൊരാ
പൂമരം തന്നിലെ
ചില്ലയിലെത്രമേല്‍
ചേലുറ്റ പക്ഷികള്‍ !
പച്ചപനം തത്ത,
പാടുന്ന പൂങ്കുയില്‍,
പിന്നെയുമെത്രയൊ
ചിത്രപതംഗങ്ങള്‍ !

കൊക്കുരുമ്മുന്നു,
കുറുകിക്കുണുങ്ങുന്നു,
ചില്ല മേല്‍ തത്തിക്കളിച്ചു പിന്നെ
പാടുന്നു പാട്ടുകള്‍ മധുരമായി...

ആ ധന്യനിമിഷത്തില്‍
ആ വന്യ ഹര്‍ഷത്തില്‍
പൂമരം കണ്ടതില്ല, ആ
ചെറുകിളിപ്പെണ്ണിനെ.

തൂവല്‍മിനുക്കുവാന്‍,
ചിറകൊന്നു കുടയുവാന്‍
ചില്ലമേലിടമില്ല,
നുകരുവാന്‍ മധുവില്ല,
പൂശുവാനില്ല പരാഗരേണുക്കള്‍...

പൂമരത്തണലിലും ഏകിയില്ലാ ഇടം
പാടുവാനറിയാത്തചെറുകിളിക്ക്‌.

ഒന്നുമേ വേണ്ടിനി

ഒരുമരച്ചില്ലയും

ചില്ലതന്‍ തണലും

ഒന്നുമേ വേണ്ടിനി

വെയിലേറ്റു വാടട്ടെ

മഴയേറ്റു കുതിരട്ടെ

എന്നാലുമിനി വേണ്ട

ഒരു മരച്ചില്ലയും

ചില്ല തന്‍ തണലും.



പൊള്ളിപ്പുകഞ്ഞൊരു

മനവുമായന്നവള്‍,

ഇല്ല വരില്ല ഇവിടേക്കിനിയെന്നു

മൂകമായോതി,

കുഞ്ഞിച്ചിറകുകള്‍

നീര്‍ത്തി പറന്നുപോയ്-എങ്ങോ

പാറിയകന്നുപോയി.....
-------------------

ഇതു പാട്ടല്ല.

കവിതയാണോന്നു ചോദിച്ചാല്‍......

ആണെന്ന് പറയാനുള്ള ധൈര്യവുമില്ല.
(വൃത്തമില്ലാതെ എന്തു കവിത?)
പിന്നെ എന്തരോ ഒന്ന്. അല്ലെങ്കില്‍, വായനക്കാര്‍ക്ക് എന്തു തോന്നുന്നോ അത്.....

ഗീത.

Copy Right(C)2009K.C. Geetha.