Saturday, June 9, 2012

ഒരു ഗാനം


പ്രിയതമനണയുന്ന രാവിൽ പ്രകൃതിയോട് സല്ലപിക്കുകയാണ് നായിക.ഈ ഗാനം അമൃതവർഷിണിയുടെ മധുമയസ്വരത്തിൽ ഇവിടെ കേൾക്കാം
------------------------------------------------
പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും


പാതി വിടർന്നൊരു മുല്ലമൊട്ടും

പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ

പങ്കുവയ്ക്കില്ലേ അതെന്നോടുമായ്?


ഞാനും നിങ്ങൾ തൻ സഖിയല്ലയോ.

***               ***                     ***

രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു

രാഗാർദ്രലോലനായ് രാപ്പാടി

രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?

രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ

രാവിന്റെ പുളകമായ് പൂത്തില്ലേ?കിളിയേ എന്നോട് ചൊല്ലുകില്ലേ

ഞാനും നിൻ സഖിയല്ലേ.

***               ***             ***

മാലേയമണമോലും രാക്കാറ്റു വീശുന്നു

മേലാകെ കുളിരാട ചാർത്തുന്നു

കാമുകനാം പ്രിയനവനണയുന്നു

കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ

കരളിൽ കിനാവുമായ് കാത്തില്ലേ?കിളിയേ ആരോടും ചൊല്ലരുതേ

ഞാനും നിൻ സഖിയല്ലേ.
--------------------------------

രചന : K.C. Geetha.

Copy Right (C) 2012 K.C. Geetha.


Thursday, May 3, 2012

പൂമ്പാറ്റയോട്...ഒരു പൂമ്പാറ്റപ്പാട്ട് കേൾക്കൂ.


ഈ പാട്ട് പഴയൊരു ഹിന്ദി സിനിമാഗാനത്തിന്റെ ട്യൂണിൽ എഴുതിയതാണ്. ( പഞ്ചി ബനു ഉഡ്തി ഫിരു മസ്ത് ഗഗൻ മേം.. എന്ന പാട്ട്. സിനിമ - ചോരി ചോരി, സംഗീതം - ശങ്കർ ജയ്കിഷൻ )

എന്നാൽ ഓർക്കസ്ട്ര പൂർണ്ണമായും പുതിയതായി ചെയ്തിരിക്കുന്നു.

രചന: കെ. സി. ഗീത


ഗായിക - യു. എ. ശ്രുതി

ഓർക്കസ്ട്ര: - റ്റി. ആർ. അഖിൽ
..............................................................
ഗാനം.
-------
പൂക്കൾതോറും പുഞ്ചിരിക്കും കൊച്ചു പൂമ്പാറ്റേ - നിന്റെ


പൂഞ്ചിറകിൻ വർണ്ണമേഴും ആരിതു തന്നൂ?

*** *** ***

ഓ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ---------------


കൊച്ചു പൂക്കൾ തൻ അഴകിൽ മയങ്ങിയോ - നല്ല


പൂമണം പുൽകി മയങ്ങിയോ


പൂക്കൾ തോറും പാറിടുന്ന കൊച്ചു പൂമ്പാറ്റേ


പൂമ്പൊടിയും പൂന്തേനും നീ നുകർന്നുവോ?


(പൂക്കൾ തോറും...)

*** *** ***

മാനത്തെ മഴവില്ലിൻ ഭംഗിയോ


നൃത്തമാടീടും മയിലിന്റെ പീലിയോ


എങ്ങിനെയീ എങ്ങിനെയീ വർണ്ണജാലങ്ങൾ


എങ്ങു നിന്നു എങ്ങു നിന്നു നേടി നീയെത്തി?


(പൂക്കൾ തോറും ...)

*** *** ***

ചാരുതയോലുമീ ചിറകുകൾ -ഒന്നു


ചാരെ ഞാൻ കണ്ടോട്ടെ ശലഭമേ


ചാരത്തായ് ഒന്നിരിക്കൂ കൊച്ചു പൂമ്പാറ്റേ


ചാരുവാം മേനി ഞാൻ ഒന്നു തൊട്ടോട്ടേ.


(പൂക്കൾ തോറും ...)രചന : കെ.സി.ഗീത.
Copy Right (C) 2012 K.C.Geetha.

Saturday, December 24, 2011

തിരുപ്പിറവി

ഒരു ക്രിസ്തുമസ്സ് ഗാനം
---------------------

തൂമഞ്ഞു പെയ്യുന്നൂ
പൊൻതാര മിന്നുന്നൂ
പുണ്യരാവിതിൽ
ഉണ്ണിമിശിഹാ
ജാതനായ്‌
ബെത്‌ലഹേമിലെ
പുൽക്കൂടിനുള്ളിൽ
ദൈവപുത്രനായ്‌
ഉണ്ണിമിശിഹാ
ജാതനായ്‌

*** *** ***

മണ്ണിൻ പുണ്യമായ്‌
വിണ്ണിൻ ദാനമായ്‌
കണ്ണിലുണ്ണിയായ്‌
ഉണ്ണി മിശിഹാ
ജാതനായ്‌

*** *** ***

ദിവ്യസ്നേഹമായ്‌
നവ്യതേജസായ്‌
കന്യകാ സുതൻ
ഉണ്ണിമിശിഹാ
ജാതനായ്‌

*** *** ***

തിന്മ മാറ്റിടാൻ
നന്മ ഏറ്റിടാൻ
മണ്ണിൻ നാഥനായ്‌
ഉണ്ണിമിശിഹാ
ജാതനായ്‌

*** *** ***

സ്നേഹധാരയാൽ
പാപഭാരങ്ങൾ
നീക്കിടാനിതാ
ഉണ്ണിമിശിഹാ
ജാതനായ്‌
--------------------

രണ്ടു സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഡിസംബറിലെ കുളിരുള്ളൊരു രാവിൽ ഭൂമിയുടെ പുണ്യമായ് വന്നുപിറന്ന ആ സ്നേഹദൂതന്റെ സ്മരണയിൽ ഒരു ക്രിസ്തുമസ്സ് ഗാനം.

എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.

K.C. Geetha

Copyright (C)2011 K.C.Geetha.

Sunday, December 11, 2011

‘മാനസ’കവിതചിത്രത്തിൽ ക്ലിക്കി ഈ കുഞ്ഞിക്കവിത വായിക്കൂ. പ്രകൃതിയോടുള്ള സ്നേഹവും തുറസ്സായ സ്ഥലത്ത് കുട്ടികൾ കളികളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുകയാണ് തന്റേതായ ഭാഷയിൽ കുഞ്ഞു കവി ഇതിൽ. അവന്റെ ആദ്യകവിത.


അവൻ പന്തു കളിക്കുന്നതാണ് ആ ചിത്രത്തിൽ വരച്ച് കാട്ടിയിരിക്കുന്നത്. ഒപ്പം കളിക്കുന്ന കൂട്ടുകാരൻ അവന്റെ അച്ഛൻ തന്നെ.

പോസ്റ്റിലെ നായകനാണ് ഈ കുഞ്ഞുകവി.

എഴുതിയത് : S.M. മാനസ്
വയസ്സ് : 7
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.

Saturday, September 3, 2011

ഓണം വിത്ത് ഈണം 2011 - ഓണപ്പാട്ടുകളുടെ ആൽബം


ഈണം എന്ന സ്വതന്ത്രസംഗീത സംരംഭം ഈ ഓണത്തിനും എത്തുന്നു ഓണപ്പാട്ടുകളുമായി. ഇത്തവണ 9 ഗാനങ്ങളാണ് ‘ഓണം വിത്ത് ഈണം 2011’ എന്ന ആൽബത്തിൽ. അവ കേൾക്കാനായി ഇവിടെ പോകൂ. ഏതെങ്കിലും ഒരു പാട്ടിന് കമന്റ് ഇട്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ആ ആൽബം പാട്ടുകൾ ഡൌൺ ലോഡ് ചെയ്യാം.

ഈ ആൽബത്തിൽ ഞാനും ഒരു പാട്ട് എഴുതിയിട്ടുണ്ട്. അതു ഇവിടെ കേൾക്കാം. ആ ഗാനത്തിന്റെ വരികൾ താഴെ :

ല്ലവി

---------

പൂവണി കതിരണി വയലുകളിൽ പൊൻ‌കണിയായ്

താരണി തളിരണി തരുനിരകൾ പുഞ്ചിരിച്ചൂ

ആവണി കതിരൊളി തിരളുമിതാ പൊൻ‌ചിങ്ങമായ്

പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ്തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ ചെറുതുമ്പീ കളിയാടാൻ നീ വായോ

*** *** ***

അനുപല്ലവി

---------------

പൂമുഖപ്പടിമേലെ നിന്നെയും കാത്ത്

പൊന്നിൻ കിനാക്കൾ കണ്ടു ഞാൻ നിന്നൂ

പൂമിഴിയാളേ..

പാതി വിടർന്നൊരു പനിമലർ പോലെ

പൂം‌പുലർ വേളയിൽ നീയന്നു വന്നു

ഓർമ്മകൾ വിടരവേ

ആർദ്രമായ് രാഗമാനസം

പൊൻ‌കിനാക്കൾ പൂവണിഞ്ഞു ഇന്നു വീണ്ടും

*** *** ***

ചരണം

----------

താന്തമീ മനസ്സിൻ തന്തികളിൽ നീ

സാന്ത്വനരാഗം മീട്ടിയുണർത്തി

തേന്മൊഴിയാലേ..

നീയെന്നിൽ പകർന്നു ജീവനരാഗം

സാന്ദ്രമധുരമാം അനുരാഗഗാനം

ഓണനാൾ പുലരവേ

ഓമലേ രാഗലോലയായ്

എന്നരുകിൽ നീവരില്ലേ പ്രേമമോടെ.

*************************************

രചന : കെ.സി. ഗീത.

എല്ലാവർക്കും സ‌മൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണക്കാലം ആശംസിച്ചു കൊള്ളുന്നു !
‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
Copy right (C)2011 K.C.Geetha.

Monday, February 14, 2011

ഒരു ദേശഭക്തിഗാനം

നാദത്തിനു വേണ്ടി ഒരുക്കിയ ഒരു ദേശഭക്തിഗാനം. ഓർക്കസ്ട്രേഷൻ, സംഗീതം ആലാപനം
ശ്രീ. സി.കെ. വഹാബ്.

ഇവിടെ കേൾക്കാം.

പല്ലവി
-------
ഇന്ത്യയിതൊന്നേയുള്ളൂ -
ഈ പ്രപഞ്ചത്തിൽ
ഇന്ത്യയിതൊന്നേയുള്ളൂ
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ

രണഭേരികളില്ലിവിടെ
രണഭൂമിയുമല്ലിവിടം
രമ്യതയോടെ, രഞ്ജിപ്പോടെ
ജനകോടികൾ വാഴും രാജ്യം
ഇന്ത്യാരാജ്യം , ഈ ഇന്ത്യാരാജ്യം
ഇന്ത്യാരാജ്യം
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ

*** *** ***
അനുപല്ലവി
------------
നബിതൻ ദർശനവും ക്രൈസ്തവസംഹിതയും
ഹിന്ദുപുരാണവും ബുദ്ധവിഹാരവും
ഒരുപോലൊരുപോൽ പുലരും ഭൂമി - ഈ
ഇന്ത്യയിതൊന്നേയുള്ളൂ

*** *** ***
ചരണങ്ങൾ
-----------
മതമൈത്രിക്കു ധാത്രിയാണീ ധരിത്രി
മതാന്ധരെ തോൽ‌പ്പിച്ച പുണ്യഗാത്രി
മതമല്ല, മുഖ്യം മനുജനെന്നോതിയ
ഇന്ത്യയിതൊന്നേയുള്ളൂ

യുവചേതന ഉണരട്ടേ
യുഗപ്രഭാവർ പുലരട്ടേ
മാനവസ്നേഹ മന്ത്രത്തിൻ
മന്ദ്രധ്വനികൾ ഉയരട്ടേ

യുഗാന്തരങ്ങളിലൂടെ
ഈ പുണ്യയാഗഭൂവിൻ
യശസ്സിൻ യമുനകൾ ഒഴുകട്ടേ
യശസ്സിൻ യമുനകൾ ഒഴുകട്ടേ - സദ്-
യശസ്സിൻ യമുനകൾ ഒഴുകട്ടേ


കെ.സി. ഗീത.

Copyright (C)(2011) K.C. Geetha.

Wednesday, January 5, 2011

നാദം

സ്വതന്ത്രസംഗീതം എന്ന ആശയം ഈണം വഴി പ്രാവർത്തികമാക്കിയ കൂട്ടുകാർ വീണ്ടുമിതാ മറ്റൊരു സംഗീതസംരംഭം ആരംഭിച്ചിരിക്കുന്നു. നാദം. പാട്ടുകാർ, സംഗീതസംവിധായകർ, എഴുത്തുകാർ ഇവർക്കൊക്കെ ഒരുമിക്കാൻ, തങ്ങളുടെ സർഗ്ഗസൃഷ്ടികൾ പങ്കുവയ്ക്കാൻ ഒരിടം. ഏവരേയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഒപ്പം നാദത്തിനു വേണ്ടി ഒരുക്കിയ ഒരു ഗാനം ഇതാ നിങ്ങൾക്കു വേണ്ടി......

പല്ലവി
-------

ശശിലേഖയീ ശാരദരാവിൽ
ശരറാന്തൽ തിരി തെളിക്കുന്നൂ
വനമാലതി പൂ വിടരുന്നൂ
പനിനീരുമായ്‌ കാറ്റണയുന്നൂ
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
അനുപല്ലവി
-------------

സുരഭീയാമം സുഖതരവേള
പരിമളമോലും നവസുമമേള
സുരഭിലമാകും രജനിയിതിൽ നീ
വരുവതില്ലേയെൻ മാനസചോരാ

ഹരിതവനികയിതു സുഖദശീതളം
വരിക അരികിലെൻ ഗോപബാല

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
ചരണം
--------

യമുനാതീരേ കുന്ദലതാഗൃഹേ
യദുകുലരാധ ഇവളിരിപ്പൂ
മനമിതിലാകെ മുരഹരരൂപം
മുരളികയൂതും മാധവരൂപം

വിരഹപീഡയിനി അരുതു സഹിയുവാൻ
വിരവിലണയൂ നീ വേണുലോലാ

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
************************
കെ.സി. ഗീത.

Copyright (C) 2011 K.C.Geetha.