Friday, July 31, 2009

അമ്മ ഒരുക്കുന്ന ഓണസ്സദ്യ.



ഇന്നിതാ വീണ്ടുമൊരോണനാളെത്തി

എന്നമ്മ തന്‍ ഓര്‍മ്മകള്‍ കൂടെയെത്തി

ഇന്നും മനസ്സില്‍ മധുരം വിളമ്പുന്നെന്‍

‍അമ്മയൊരുക്കിടും ഓണസ്സദ്യ.




നാക്കില ചീന്തിന്റെ തുമ്പില്‍ വിളമ്പിടും

നാലുകൂട്ടം തൊടുകറികള്‍ അമ്മ

കാളനും ഓലനും കായവറുത്തതും

തോരനും അവിയലും കിച്ചടിയും

കുത്തരിച്ചോറു കുഴച്ചുരുട്ടാന്‍ നറു-

നെയ്യും പരിപ്പും പര്‍പ്പടവും

സ്വാദോടെ ഉണ്ണികള്‍ സദ്യയുണ്ണുന്നതു

സ്മേരമോടെന്നമ്മ നോക്കിനില്‍ക്കും.





എന്തു തിടുക്കമാണെന്നോ എന്നമ്മയ്ക്ക്‌

ചിന്തയില്‍ പോലും കൊതിപ്പിച്ചിടും

പാലടപ്പായസം പലകുറിയൂട്ടുവാന്‍

പാവന സ്നേഹവും ചാലിച്ചതില്‍



ഇന്നില്ലയെന്നമ്മ സദ്യയൊരുക്കുവാന്‍

ഇല്ല വരില്ലിനി പാലടയൂട്ടുവാന്‍

എന്നാലുമിന്നും നുകര്‍ന്നിടുന്നെന്‍ മനം

അമ്മതന്‍ സ്നേഹമാം പാലടപ്പായസം



ഈ മണ്‍കൂട്‌ മണ്ണായ്‌ ചേരുവോളം

ആ മധുരം മറന്നിടാനാമോ?


( ഓണമിങ്ങെത്താറായി. അമ്മയെ ഓര്‍മ്മ വരുന്നു. കരച്ചിലും വരുന്നു. അമ്മ ഇപ്പോഴുണ്ടായിരുന്നെങ്കില്‍.........എല്ലാം കണ്ട് എത്ര സന്തോഷിച്ചേനേ..... )

ഗീത.

Saturday, July 25, 2009

ചെറായി ബ്ലോഗ് സംഗമം.

ഇന്ന് (26/07/2009) നടക്കുന്ന ചെറായി ബ്ലോഗ് മീറ്റിന് സര്‍വ്വവിധമായ മംഗളങ്ങളും നേര്‍ന്നുകൊള്ളുന്നു. പങ്കെടുക്കുന്ന എല്ലാ ബ്ലോഗ്ഗേര്‍സിനും ഈ സുദിനം മധുരം കിനിയുന്നൊരു ഓര്‍മ്മയായി എന്നെന്നും മനസ്സില്‍ തങ്ങട്ടെ ! ഈ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ മുന്‍‌കൈ എടുത്ത സുഹൃത്തുക്കള്‍ക്ക് ചാരിതാര്‍ത്ഥ്യത്തിന്റെ ദിനവും!

സസ്നേഹം ഗീതേച്ചി.