Wednesday, January 5, 2011

നാദം

സ്വതന്ത്രസംഗീതം എന്ന ആശയം ഈണം വഴി പ്രാവർത്തികമാക്കിയ കൂട്ടുകാർ വീണ്ടുമിതാ മറ്റൊരു സംഗീതസംരംഭം ആരംഭിച്ചിരിക്കുന്നു. നാദം. പാട്ടുകാർ, സംഗീതസംവിധായകർ, എഴുത്തുകാർ ഇവർക്കൊക്കെ ഒരുമിക്കാൻ, തങ്ങളുടെ സർഗ്ഗസൃഷ്ടികൾ പങ്കുവയ്ക്കാൻ ഒരിടം. ഏവരേയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഒപ്പം നാദത്തിനു വേണ്ടി ഒരുക്കിയ ഒരു ഗാനം ഇതാ നിങ്ങൾക്കു വേണ്ടി......

പല്ലവി
-------

ശശിലേഖയീ ശാരദരാവിൽ
ശരറാന്തൽ തിരി തെളിക്കുന്നൂ
വനമാലതി പൂ വിടരുന്നൂ
പനിനീരുമായ്‌ കാറ്റണയുന്നൂ
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
അനുപല്ലവി
-------------

സുരഭീയാമം സുഖതരവേള
പരിമളമോലും നവസുമമേള
സുരഭിലമാകും രജനിയിതിൽ നീ
വരുവതില്ലേയെൻ മാനസചോരാ

ഹരിതവനികയിതു സുഖദശീതളം
വരിക അരികിലെൻ ഗോപബാല

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
ചരണം
--------

യമുനാതീരേ കുന്ദലതാഗൃഹേ
യദുകുലരാധ ഇവളിരിപ്പൂ
മനമിതിലാകെ മുരഹരരൂപം
മുരളികയൂതും മാധവരൂപം

വിരഹപീഡയിനി അരുതു സഹിയുവാൻ
വിരവിലണയൂ നീ വേണുലോലാ

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
************************
കെ.സി. ഗീത.

Copyright (C) 2011 K.C.Geetha.