Monday, November 30, 2009

രാധയുടെ പരിഭവം

യാമിനീ യാമിനീ
പ്രിയസഖി യാമിനീ
പൂനിലാകോടിയുടുത്ത്‌
താരകപ്പൂവ്‌ ചൂടി
ചമയുന്നതെന്തേ സഖീ ?
നീലകളേബരന്‍ കോമള യാദവന്‍
അരികിലണഞ്ഞോ
നിര്‍ന്നിദ്ര യാമങ്ങള്‍
പുളകമണിഞ്ഞോ ?
യാമിനീ.......

*** *** ***
കാളിന്ദി നീയെന്തേ കളകളം പാടുന്നൂ
കാല്‍ത്തള കിലുക്കി പദമാടുന്നൂ ?
കാളിയമര്‍ദനന്‍ വരുമെന്ന്‌ ചൊല്ലിയോ
കേളികളാടുവാന്‍ നിന്‍ പുളിനങ്ങളില്‍ ?
സഖീ ... ചൊല്ലുകില്ലേ...?

*** **** ***
വാസന്തീ നീയെന്തേ പരിമളം പൂശുന്നു
വാര്‍മതിയുദിക്കും ശുഭയാമത്തില്‍ ?‍
വാരിജലോചനന്‍ വരുമെന്ന് ചൊല്ലിയോ
വാസന്തരാവിതില്‍ നിന്‍ മലര്‍പ്പന്തലില്‍ ?
സഖീ ... ചൊല്ലുകില്ലേ...?

*** *** ***
*** *** ***
കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം

എന്നിനി ഉണരുമോ നിന്‍‌മണിവേണുവില്‍

നിന്‍സഖി രാധക്കായ് ഒരു ഗീതകം - കണ്ണാ ...
നിന്‍പ്രിയസഖി രാധക്കായ് ...
ഒരു പ്രേമഗീതകം ?

*****************

രചന : K.C. Geetha.

Copy Right (C) 2009 K.C. Geetha.